ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ ലോകരാജ്യങ്ങൾക്കൊപ്പമെത്തിക്കാൻ കുതിക്കുന്ന ഐ.എസ്.ആർ.ഒ. 2018ലെ വിക്ഷേപണപദ്ധതികൾ ആംഗ്രിബേർഡ് എന്ന സൈനിക ഉപഗ്രഹമായ ജിസാറ്റ് 7എ.യുടെ വിക്ഷേപണത്തോടെ പൂർത്തിയാക്കി. 2019 ലെ പ്രവർത്തനങ്ങൾ ജനുവരിയിൽ ചന്ദ്രയാൻ 2 വിന്റെ വിക്ഷേപണത്തോടെ ആരംഭിക്കും.
അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളുള്ള ജിസാറ്റ് 7 എ. ബഹിരാകാശത്ത് വ്യോമസേനയുടെ വാർത്താവിനിമയ സ്റ്റേഷനായിത്തീരും. 70 ശതമാനം സേവനവും വ്യോമസേനയ്ക്കാണ്. ബാക്കി കര - നാവിക സേനകളുടെ ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാനാണ് വിനിയോഗിക്കുക. ജിസാറ്റ് 7 എ കൂടി എത്തിയതോടെ ഇന്ത്യയുടെ കടലിന് രുഗ്മിണിയും (ജി. സാറ്റ് 7) ആകാശത്തിന് ആംഗ്രിബേർഡും (ജി. സാറ്റ് 7 എ ) സദാ കാവലാകും. നാവികസേനയുടെ യുദ്ധക്കപ്പലുകളും വ്യോമസേനയുടെ പോർവിമാനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ സന്നാഹങ്ങൾ ഈ രണ്ട് ഉപഗ്രഹങ്ങളുടെ വാർത്താവിനിമയ ശൃംഖലയിൽ പരസ്പരം ബന്ധിക്കപ്പെടും.
2013ൽ നാവികസേനയ്ക്കായി വിക്ഷേപിച്ച 'രുക്മിണി' (ജി. സാറ്റ് 7 )ആണ് ഇന്ത്യയുടെ ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹം. നേവിയുടെ യുദ്ധക്കപ്പലുകളെ നിയന്ത്രിക്കുകയാണ് ദൗത്യം. അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് വ്യോമസേനയുടെ ഇന്ത്യൻ ആംഗ്രിബേർഡിൽ (ജി. സാറ്റ് 7 എ ) ഉള്ളത്. യുദ്ധവിമാനങ്ങൾ തമ്മിലുള്ള ആശയവിനിമയം, യുദ്ധവിമാനത്തിൽ നിന്ന് കരയിലെ സൈനിക കേന്ദ്രങ്ങളുമായി ചർച്ച നടത്താനുള്ള സൗകര്യം, പറക്കുന്ന യുദ്ധവിമാനത്തിന്റെ ചുറ്റുപാടുകൾ സദാസമയവും നിരീക്ഷിക്കാനുള്ള സുരക്ഷാസംവിധാനം, പൈലറ്റില്ലാ നിരീക്ഷണ വിമാനങ്ങളെക്കാൾ കൂടുതൽ കൃത്യതയോടെ നിയന്ത്രിക്കാനുള്ള സൗകര്യം, നിരീക്ഷണത്തിന് റഡാറുകളെക്കാൾ കൂടുതലുള്ള വ്യാപ്തി , സൂക്ഷ്മത എന്നിവയാണ് ജിസാറ്റ് 7 എ യിലൂടെ ലഭിക്കുന്ന പ്രയോജനങ്ങൾ.
ജിസാറ്റ് 7 എ ഉൾപ്പെടെ എട്ട് വിക്ഷേപണദൗത്യങ്ങളാണ് ഐ.എസ്. ആർ.ഒ. 2018 ൽ നടത്തിയത്. ഏഴെണ്ണം ശ്രീഹരിക്കോട്ടയിലും ഒരെണ്ണം തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ കൗറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമായിരുന്നു. ഇൗ വർഷം മുതൽ എത്ര ഭാരമേറിയ ഉപഗ്രഹവും ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കും.
ജിസാറ്റ് 6 എ വിക്ഷേപണത്തിന് ശേഷം നിയന്ത്രണം ഏറ്റെടുക്കാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു. വിക്ഷേപണങ്ങളുടെ എണ്ണം കുറഞ്ഞതും 2018 ലെ ന്യൂനതയാണ്. ഐ.ആർ.എൻ.എസ്.എസ്. ഗതിനിർണയ ഉപഗ്രഹവിക്ഷേപണത്തോടെ നാവിക് ഇന്ത്യൻ ജി.പി.എസ്. സംവിധാനം പൂർത്തിയാക്കിയതും 2022ൽ മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതും ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവുകുറഞ്ഞ ലിഥിയം ബാറ്ററി നിർമ്മിക്കാനുതകുന്ന, ഐ.എസ്.ആർ.ഒ.റോക്കറ്റുകളിലുപയോഗിക്കുന്ന ബാറ്ററി സാങ്കേതികവിദ്യ വ്യവസായമേഖലയ്ക്ക് കൈമാറിയതും ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ തമ്മിലുള്ള വിനിമയ കൈമാറ്റത്തിനുള്ള ഐ.ഡി.ആർ.എസ്.എസ്. സാങ്കേതികവിദ്യ വികസിപ്പിച്ചതും ഭാരമേറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ജി.എസ്.എൽ.വി. എം.കെ. 3 എന്ന കൂറ്റൻ റോക്കറ്റ് വിശ്വാസ്യത തെളിയിച്ചതും വൻ നേട്ടങ്ങളാണ്.
ഒന്നാം ചന്ദ്രയാനിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിലാണ് രണ്ടാം ചന്ദ്രയാൻ ദൗത്യം. ചന്ദ്രോപരിതലത്തിൽ നിന്ന് വെറും 100 കിലോമീറ്റർ വരെ അടുത്ത് നിന്ന് ചന്ദ്രനെ ഒരു വർഷം മുഴുവൻ വലംവയ്ക്കുന്ന ഒാർബിറ്റർ. ചന്ദ്രനിൽ ഇറങ്ങി നിന്ന് മൂലകസാന്നിദ്ധ്യവും താപഘടനയും സൂര്യരശ്മികളുടെ ഘടനയും മനസിലാക്കുന്ന വിക്രം ലാൻഡർ എന്ന ലാൻഡർ. ചന്ദ്രനിൽ ഇറങ്ങി നടക്കുന്ന യന്ത്രമനുഷ്യനായ റോവർ എന്നിവയാണ് രണ്ടാം ചന്ദ്രയാനിലെ ഉപകരണങ്ങൾ. നാലായിരം കിലോഗ്രാമോളം ഭാരം വരുന്ന ചന്ദ്രയാൻ 2 നേയും വഹിച്ച് പറക്കുന്നത് ജി.എസ്. എൽ.വി. മാർക്ക് 3 റോക്കറ്റാണ്. 800 കോടി രൂപയാണ് ചെലവ്. 2008 ലാണ് ഇന്ത്യ ചന്ദ്രനിലേക്ക് ആദ്യ ഉപഗ്രഹത്തെ അയച്ചത്. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയെന്നതാണ് ഇൗ ദൗത്യം ലോകത്തിന് നൽകിയ സംഭാവന. ഇതിന്റെ ചുവടുപിടിച്ച് അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ഗവേഷണങ്ങളുടെ ഗതി മാറ്റിയെന്നത് രാജ്യത്തിന് അഭിമാനിക്കാം.
ചന്ദ്രൻ കഴിഞ്ഞാൽ സൂര്യനെ ലക്ഷ്യമിടുന്ന ആദിത്യയാണ് അടുത്ത വർഷത്തെ സുപ്രധാന വിക്ഷേപണം. ആദിത്യ എൽ 1 എന്ന ഉപഗ്രഹം സൂര്യന്റെ പരമാവധി അടുത്തുവരെ ചെന്ന് ഉൗർജ്ജസാന്നിദ്ധ്യം മനസിലാക്കാൻ ശ്രമിക്കും. സൗരോർജ്ജം ഭൂമിയിൽ നേരിട്ടെത്തിച്ച് ഭൂമിയിലെ ആവശ്യത്തിന് ഉപയോഗിക്കുക എന്നത് മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്വപ്നപദ്ധതിയാണ്. ഇതുൾപ്പെടെ 32 വിക്ഷേപണ പദ്ധതികളാണ് അടുത്തവർഷം ഐ.എസ്.ആർ.ഒ. ആസൂത്രണം ചെയ്തിരിക്കുന്നത്. മുപ്പതോളം വിദേശഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണങ്ങളും ഉൾപ്പെടുന്നു. ഇൗ വിദേശഉപഗ്രഹങ്ങളെല്ലാം ഒന്നോ രണ്ടോ വിക്ഷേപണത്തിൽ പൂർത്തിയാക്കും. വാർത്താവിനിമയ ഉപഗ്രഹമായ ഇൻസാറ്റ് 4സി.ആറിന്റെ കാലാവധി അടുത്തവർഷം പൂർത്തിയാകുന്നതിനാൽ ജിസാറ്റ് 31 എന്ന കൂറ്റൻ ഉപഗ്രഹവും വിക്ഷേപിക്കും. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാനും പരസ്പരം ബന്ധിപ്പിക്കാനും മനുഷ്യദൗത്യത്തിന് സഹായിക്കുന്ന തരത്തിൽ ബഹിരാകാശത്ത് ഒരു സ്പെയ്സ് സ്റ്റേഷൻ എന്ന പദ്ധതിയുടെ ആദ്യ രൂപമായ ഇന്ത്യൻ ഡാറ്റാ റിലെ സാറ്റലൈറ്റ് സിസ്റ്റം നടപ്പാക്കുന്നതിനായി രണ്ട് ഉപഗ്രഹങ്ങൾ അടുത്ത വർഷം വിക്ഷേപിക്കും. ഇമിസാറ്റ്, കാർട്ടോസാറ്റ് 3, മൂന്ന് ആർ. ഐ. സാറ്റ് ഉപഗ്രഹങ്ങൾ, നെമോസാറ്റ് തുടങ്ങിയവയാണ് അടുത്തവർഷം നടക്കാനിരിക്കുന്ന മറ്റ് വിക്ഷേപണങ്ങൾ.
കുഞ്ഞൻ ഉപഗ്രഹങ്ങളെ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാൻ കഴിയുന്ന സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന റോക്കറ്റ് അടുത്ത വർഷം പരീക്ഷിക്കും. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ നിസാര ചെലവിൽ ബഹിരാകാശത്ത് എത്തിക്കാം. 37 മീറ്റർ ഉയരവും 120 ടൺ ഭാരവുമുള്ള ഇൗ കുഞ്ഞ് റോക്കറ്റ് വാണിജ്യവിക്ഷേപണരംഗത്ത് വിപ്ളവം തന്നെ സൃഷ്ടിക്കും. സർവകലാശാലകൾ, ചെറിയ ബിസിനസ് സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യത്തിന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ ഇത് അനുഗ്രഹമാകും.