തിരുവനന്തപുരം: കെ.എസ്.ആർ.ടിസി ജീവനക്കാർ ഇന്ന് അർദ്ധരാത്രിമുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമായത്.
പണിമുടക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്ന കെ.എസ്.ആർടിസി സംയുക്ത ട്രേഡ് യൂണിയൻ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായ സാദ്ധ്യതകളൊരുങ്ങിയതോടെ പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഒരളവുവരെ ധാരണ ആയെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സമരക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗതാഗത സെക്രട്ടറിയുടെ ശുപാർശ പ്രകാരമുള്ള ഡ്യൂട്ടി പരിഷ്കരണം 21നകം നടപ്പാക്കുമെന്നും ശമ്പള പരിഷ്കരണ ചർച്ചകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അർദ്ധരാത്രിമുതൽ തൊഴിലാളികൾ നടത്താനിരുന്ന സമരം മാറ്റി വച്ചത്.