modi

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ കൊച്ചി അമ്പലമുഗളിലെ ബി.പി.സി.എൽ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആർ.ഇ.പി) ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ബി.പി.സി.എൽ - പെട്രോകെമിക്കൽ കോംപ്ളക്‌സ്, പെട്രോളിയം മന്ത്രാലയം ഏറ്റുമാനൂരിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് ക്യാമ്പസ് എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചേക്കും.

കൊച്ചി റിഫൈനറിയിലെ പെട്രോളിയം സംസ്‌കരണ ശേഷി പ്രതിവർഷം 9.5 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 60 ശതമാനം വർദ്ധിപ്പിച്ച് 15.5 മില്യൺ മെട്രിക് ടൺ ആയി ഉയർത്തുന്ന പദ്ധതിയാണ് ഐ.ആർ.ഇ.പി. 16,500 കോടി രൂപയാണ് നിക്ഷേപം. അനുബന്ധ പദ്ധതികൾ കൂടിച്ചേരുമ്പോൾ നിക്ഷേപം 25,000 കോടി രൂപ കവിയും.

വി. മുരളീധരൻ എം.പി

ഐ.ആർ.ഇ.പി സന്ദർശിച്ചു

ഐ.ആർ.ഇ.പി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നത് സംബന്ധിച്ച ഒരുക്കങ്ങൾ അറിയാൻ വി. മുരളീധരൻ എം.പി ഇന്നലെ ബി.പി.സി.എൽ കൊച്ചി റിഫൈനറി സന്ദർശിച്ചു. ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എസ്. സജി, ബി.ജെ.പി ഇൻഡസ്‌ട്രീസ് സെൽ സ്‌റ്രേറ്ര് കൺവീനർ സി.വി. സജിനി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രസാദ് കെ. പണിക്കർ, ജനറൽ മാനേജർ ജോർജ് തോമസ്, അസിസ്‌റ്രന്റ് മാനേജർ കവിത മാത്യു എന്നിവരുമായി വി. മുരളീധരൻ കൂടിയാലോചന നടത്തി.