ന്യൂയോർക്ക്: ഭൂമിയെക്കൂടാതെ മറ്റ് ഗ്രഹങ്ങളിൽ അന്യഗ്രഹജീവികൾ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം ശാസ്ത്രലോകത്തിന് ഇന്നും കണ്ടെത്താനാവാത്ത ഒരു രഹസ്യമാണ്. എന്നാൽ സൗരയൂഥത്തിന് പുറത്ത് പുതുതായി ഒരു ഗ്രഹം കൂടി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുകയാണ്. ഇതിൽ അന്യഗ്രഹജീവികൾ ഉണ്ടാനാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന് ഇവർ വിലയിരുത്തുന്നു.
ബർണാഡ് -ബി എന്ന് പേരിട്ടിരിക്കുന്ന ഭൂമിക്ക് സമാനമായ ഈ ഗ്രഹത്തിൽ ജീവന്റെ തുടിപ്പിന് സാദ്ധ്യത ഉണ്ടെന്നാണ് അമേരിക്കയിലെ വില്ലനോവ സർവ്വകലാശാലയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ജീവന് നിലനിൽക്കാൻ ആവശ്യമായ അന്തരീക്ഷമാണ് അവിടെയുള്ളത്. സൗരയൂധത്തിൽ നിന്ന് ഏകദേശം ആറു പ്രകാശവർഷം അകലെയാണ് ബർണാഡ് ബി സ്ഥിതി ചെയ്യുന്നത്.
സൂര്യന്റെ അയൽക്കാരനായ ബർണാഡ് നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹമായത് കൊണ്ടാണ് ഇതിനെ ബർണാഡ് -ബി എന്ന് പേരിട്ടത്. ഭൂമിക്കു സമാനമായി നിക്കൽ – ഇരുമ്പ് കോറാണു ഇവിടെയുള്ളത്. 150 ഡിഗ്രി സെൽഷ്യസിൽ താപനിലയുള്ള ഇവിടെ അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ തടാകങ്ങൾക്കു താഴെയുള്ളതുപോലുള്ള സൂക്ഷ്‌മ ജീവികളെയും മറ്റ് ജീവികളേയും ശാസ്ത്രജ്ഞൻമാർ ഇവിടെ പ്രതീക്ഷിക്കുന്നത്. അഗ്നിപർവതങ്ങളും ഇവിടെ ദ്രാവക രൂപത്തിലുള്ള ജലം ഉറപ്പാക്കുന്നു. ഭൂമിയുടെ മൂന്നിരട്ടി വലുപ്പമുള്ള ബർണാഡ് -ബിക്ക് നക്ഷത്രത്തെ ചുറ്റാൻ 233 ദിവസമാണു വേണ്ടത്. ഭാവിയിൽ മറ്റ് ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്ന പരീക്ഷണത്തിന് ഊർജം നൽകുന്ന കണ്ടെത്തലാണ് ഗവേഷകർ നടത്തിയിരിക്കുന്നത്.