കൊച്ചി: കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയിലെ സുപ്രിംകോടതി വിധി നടപ്പിലാക്കിയ ഇടത് സർക്കാരിനെ വിമർശിച്ചതിനെതിരെ സി.പി.എം .
സംസ്ഥാനത്തെ അധികാരം ഉറപ്പിക്കാനുളള ബി.ജെ.പിയുടെ നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ,പിക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ല. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തില്ല എന്നതിന്റെ സൂചനയാണ് അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങൾ. എന്നിട്ടും കേരളത്തിൽ വന്നു നടത്തുന്ന ഇത്തരം പ്രസ്താവനകൾ ജനം അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിൽ നാണിക്കാനെന്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സി.പി.എം പൊളിറ്റ് ബ്യുറോ പ്രസ്താവനയിൽ ചോദിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. തിരഞ്ഞടുക്കപ്പെട്ട സർക്കാരിനെ സുപ്രീം കോടതി നടപടി നടപ്പിലാക്കിയതിനാണ് അദ്ദേഹം വിമർശിക്കുന്നതെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
ഭരണഘടനയിൽ തൊട്ടാണ് മോദി സത്യപ്രതിജ്ഞ ചെയ്തതെന്ന് അദ്ദേഹം മറന്നിരിക്കുന്നു. ആർ.എസ്.എസ് പ്രചാരകനെ പോലെയാണ് അദ്ദേഹത്തിന്റെ സംസാരം, അല്ലാതെ പ്രധാനമന്ത്രിയെ പോലെയല്ല. അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയും അധിക്ഷേപിക്കുന്നതാണ്.
തങ്ങൾക്കിഷ്ടപ്പെടാത്ത സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബി.ജെ.പിയും ആർ.എസ്.എസും അനുവദിക്കില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.