ന്യൂയോർക്ക്: അപകടം പിടിച്ചതും മാനസിക വിഷമത്തിനിടയാക്കുന്നതുമായ ചലഞ്ച് വീഡിയോകളും ആളുകളെ പറ്റിക്കുന്ന 'പ്രാങ്ക് വീഡിയോകളും" യൂട്യൂബ് നിരോധിക്കുന്നു. വെല്ലുവിളികളായി പോസ്റ്ര് ചെയ്യപ്പെടുന്ന വീഡിയോകളിൽ പലതും മരണത്തിലും ഗുരുതരമായ പരിക്കുകളിലും കലാശിക്കുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് യൂട്യൂബിന്റെ ഈ നീക്കം.
അപകടകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള യൂട്യൂബിന്റെ ശ്രമങ്ങൾ ഫലപ്രദമല്ലെന്ന വിമർശനമുണ്ട്.
കി കി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുന്ന ചലഞ്ച് പോലുള്ള ഏറെ സ്വീകാര്യത ലഭിക്കുകയും വൻ തോതിൽ പ്രചരിക്കുകയും ചെയ്ത നിരവധി ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിലുണ്ട്.
തമാശകൾ അതിരുവിടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് യൂട്യൂബ് അറിയിച്ചു. കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങി മാനസിക സംഘർഷത്തിലാക്കുന്ന വീഡിയോകളും യൂട്യൂബ് ഇനി അനുവദിക്കില്ല. ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദരുടെ സഹായവും യൂട്യൂബ് തേടുന്നുണ്ട്.