മലയാള സിനിമയുടെ അഭിമാന താരം പ്രേംനസീറിന്റെ മുപ്പതാം ചരമവാർഷികത്തിൽ അദ്ദേഹത്തിനോടൊപ്പമുള്ള തന്റെ ഒാർമ്മകൾ പങ്കുവച്ച് നടനും സംവിധായകൻ കൂടിയായ ബാലചന്ദ്ര മേനോൻ. മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് പ്രേം നസീറിനെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് നസീറിനൊപ്പമുള്ള പഴയകാല ചിത്രത്തോടൊപ്പം ഒാർമ്മകളും പങ്കുവച്ചത്.
ഒരു പൈങ്കിളിക്കഥ എന്ന ചിത്രം തമിഴിൽ നിർമ്മിക്കപ്പെട്ട സമയത്ത് ശിവാജിഗണേശനും പ്രേം നസീറിമായുള്ള അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. ഇവരെപ്പോലുള്ളവർ കാലയവനികക്കുള്ളിൽ മറയുന്നതു വേദനാജനകമാണ്. ഇന്ന് നസീർ സാർ മരിച്ചിട്ട് മുപ്പതു വർഷമാകുന്നു. എന്നാൽ എന്തുകൊണ്ടോ എനിക്ക് ആ ബോധ്യം വരുന്നില്ല . എനിക്കീ ഫോട്ടോ അയച്ചുതന്ന ത്യശ്ശൂർക്കാരൻ ഗോപാലകൃഷ്ണനോട് ഞാൻ ചോദിച്ചു , ഇപ്പോൾ നസീർ സാർ ജീവിച്ചിരുന്നുവെങ്കിൽ എന്ത് പ്രായം ഉണ്ടാകുമായിരുന്നു എന്ന് . തൊണ്ണൂറ് എന്നയാൾ പറഞ്ഞപ്പോൾ ഞാൻ തൊണ്ണൂറുകാരനായ നസീർസാറിനെ ഒന്നു സങ്കൽപ്പത്തിൽ കാണാൻ ശ്രമിച്ചു. പക്ഷെ ദയനീയമായി പരാജയപ്പെട്ടു. ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഞാൻ എന്റെ നിർമ്മാണ കമ്പനിയായ V&V യുടെ ബാനറിൽ നിർമ്മിച്ച് സംവിധാനം ചെയ്ത "ഒരു പൈങ്കിളിക്കഥ " എന്ന ചിത്രം പിൽക്കാലത്തു തമിഴിൽ നിർമ്മിക്കപ്പെട്ടു . KRGഎന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആ നിർമ്മാതാവിന്റെ ക്ഷണം ഞാൻ ഒന്നുമാലോചിക്കാതെ സ്വീകരിക്കാൻ കാരണം എന്നും ഏവർക്കും ഒരു അത്ഭുത പ്രതിഭാസമായിരുന്ന ശിവാജിഗണേശനുമൊത്തു സഹകരിക്കാനുള്ള അവസരം കിട്ടുമല്ലോ എന്നെ അദമ്യമായ മോഹമായിരുന്നു. ആ ചിത്രത്തിൻറെ പൂജക്ക് നാസിർ സാർ ഉണ്ടാകണമെന്നുള്ള എന്റെ തീവ്രമായ മോഹം കണ്ടിട്ടാവണം ഈ ഫോട്ടോയിൽ കാണുന്ന അപൂർവ്വ നിമിഷത്തിനു അന്ന് ഞാനും ഇന്നും നിങ്ങളും സാക്ഷിയാകുന്നത് . നസീർ സാർ പൂജക്ക് എന്റെ ക്ഷണിതാവായി വരുന്നു എന്ന് പറഞ്ഞപ്പോൾ ശിവാജി സാർ പ്രതികരിച്ചത് ഇങ്ങനെ :
"ഓ ...പ്രേമി (പ്രേംനസീർ) വരുതാ ? എനക്ക് റൊമ്പ സന്തോഷം . ഏത്തന വർഷത്തെ പഴക്കം എനക്ക് ന്ന് മേനനിക്ക് തെരിയുമാ ? അന്നേലിരുന്ത് ഇത് വരേക്കും പ്രേമിക്ക് ഒരു മാറ്റവും കെടയാത് ..അതേ പേച്ചു , അതെ സോഫ്റ്റ് ബിഹേവിയർ, അതെ ആക്ടിങ് സ്റ്റൈൽ ...ഒന്നിലും ഒരു മാറ്റവും കേടയാത് "
അത് പറഞ്ഞിട്ട് ശിവാജി സാർ അടുത്തു നിന്ന തന്റെ മലയാളീ മേക്ക്അപ്പ്മാൻ ചന്ദ്രനെ നോക്കി ഒന്ന് കണ്ണിറുക്കി. അപ്പോഴാണ് 'ഒരേ ആക്ടിങ് സ്റ്റൈൽ ' എന്ന് പറഞ്ഞതിന്റെ പൊരുളും നർമ്മവും എനിക്ക് മനസ്സിലായത്.
ഇവരെപ്പോലുള്ളവർ കാലയവനികക്കുള്ളിൽ മറയുന്നതു വേദനാജനകമാണ് . ഇന്ന് നസീർ സാർ മരി ച്ചിട്ടു മുപ്പതു വർഷമാകുന്നു. എന്നാൽ എന്തുകൊണ്ടോ എനിക്ക് ആ ബോധ്യം വരുന്നില്ല . എനിക്കീ ഫോട്ടോ അയച്ചുതന്ന ത്യശ്ശൂർക്കാരൻ ഗോപാലകൃഷ്ണനോട് ഞാൻ ചോദിച്ചു , ഇപ്പോൾ നസിർ സാർ ജീവിച്ചിരുന്നുവെങ്കിൽ എന്ത് പ്രായം ഉണ്ടാകുമായിരുന്നു എന്ന് . തൊണ്ണൂറ് എന്നയാൾ പറഞ്ഞപ്പോൾ ഞാൻ തൊണ്ണൂറുകാരനായ നസിർസാറിനെ ഒന്ന് സങ്കൽപ്പത്തിൽ കാണാൻ ശ്രമിച്ചു ; പക്ഷെ ദയനീയമായി പരാജയപ്പെട്ടു എന്ന് തന്നെ പറയട്ടെ .
തുറന്നു പറയട്ടെ, എന്നെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച മലയാള സിനിമയിലെ വ്യക്തിത്വം പ്രേം നസീറാണ്. അതിനു മതിയായ കാരണങ്ങളും ഉണ്ട്. ഒറ്റ ഉദാഹരണം പറയാം. ഇന്നത്തെ മലയാള സിനിമയെ പറ്റി പറയുമ്പോൾ പലരും പറയാറുണ്ട് സിനിമയിൽ ഗ്രൂപ്പുകൾ ആണ്, തിരുവനതപുരം ബെൽറ്റ് ഉണ്ട്. എറണാകുളം ബെൽറ്റ് ഉണ്ട്, കോഴിക്കോട് ബെൽട്ടുണ്ട് എന്നൊക്കെ. ഇന്ന് സിനിമ എടുക്കാൻ വരുന്ന ഒരു നവാഗത നിർമ്മാതാവിനിയോ നവാഗത സംവിധായകനെയോ, എങ്ങാനും ആ ചിത്രം പരാജയപ്പെട്ടാൽ പിന്നെ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ ആവില്ല .എന്നാൽ നസീർ സാറിന്റെ കാലത്തു സ്ഥിരമായി സിനിമാ കമ്പനികൾ ഉണ്ടായിരുന്നു. അതിൽ തന്നെ നസീർ സാറിനെ സ്ഥിരമായി നായകനാക്കുന്ന ആൾക്കാറുമുണ്ടായിരുന്നു. എന്തായിരുന്നു അതിനു കാരണം ? എന്റെ നേരിട്ടുള്ള ഒരു അനുഭവം ഞാൻ പറയാം.
ഞാൻ പത്രക്കാരനായിരിക്കുമ്പോൾ ഒരിക്കൽ നസീർ സാറിനെയും മകൻ ഷാനവാസിനെയും ഒരുമിച്ചു ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി അതിരാവിലെ നാസിർ സാറിന്റെ മഹാലിംഗപുരത്തെ വീട്ടിലെത്തി. അദ്ദേഹത്തിൻറെ സന്തത സഹചാരികളായ മേക്ക്അപ്പ് സോമനും ചിറയിൻകീഴ് രാമകൃഷ്ണൻ നായരും കൂടിയുള്ള സംഭാഷണത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി ആ ആഴ്ച റിലീസായ നസിർ സാറിന്റെ ഒരു പടം ഏഴു നിലയിൽ പൊട്ടി എന്ന് . അൽപ്പം ആലോചിച്ചിരുന്നതിനു ശേഷം ആ പ്രൊഡ്യൂസറെ എത്രയും പെട്ടന്ന് വീട്ടിൽ കൊണ്ടുവരാനുള്ള ഏർപ്പാട് ചെയ്യാൻ പറഞ്ഞിട്ട് ഫോട്ടോ ഷൂട്ടിന് നസീർ സാർ റെഡിയായി .
ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും പ്രൊഡ്യൂസറെത്തി കഴിഞ്ഞു. ( ആ പ്രൊഡ്യൂസറെ പറഞ്ഞാൽ നിങ്ങൾ അറിയും . മലയാളത്തിലെ സീനിയർ മോസ്റ്റ് പ്രൊഡ്യൂസറായ ശ്രീ ആർ എസ് പ്രഭു )
തകർന്നു നിൽക്കുന്ന ആ പ്രൊഡ്യൂസറോട് നസീർ സാർ പറഞ്ഞത് ഒന്ന് ശ്രദ്ധിക്കുക .:
" അസ്സേ , നിങ്ങൾ വിഷമിക്കാതിരിക്കണം . ഞാനും ഒരു വിജയമാണ് പ്രതീക്ഷിച്ചതു . പക്ഷെ ജനം അല്ലെ നിശ്ചയിക്കേണ്ടത് .നിങ്ങള്ക്ക് കാര്യമായ നഷ്ട്ടമുണ്ടാവുമെന്നു എനിക്കറിയാം . ഒരു കാര്യം ചെയ്യൂ . എത്രയും പെട്ടന്ന് അടുത്ത പടത്തിന്റെ പണികൾ തുടങ്ങൂ .എപ്പോൾ വന്നാലും ഞാൻ അഡ്ജസ്റ്റ് ചെയ്തു വർക്ക് ചെയ്യാം. പോരെ ? ( ദിവസം നാല് ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു താരമാണ് ഈ സന്മനസ്സു കാണിക്കുന്നതു കൂടി ഓർക്കുക )
ഞാൻ പറഞ്ഞു വരുന്നത് , നസീർ സാർ വളരും തോറും സാർ തനിക്കു ചുറ്റുമുള്ള സിനിമാലോകവും വളർത്താൻ ശ്രമിച്ചു .തന്റെ കുമ്പ മാത്രം വീർപ്പിക്കാനല്ല മറിച്ചു സിനിമാലോകത്തുള്ള എല്ലാവരും സുഖമായി കഴിയണം എന്നൊരു മാനവികത അദ്ദേഹത്തിനുണ്ടായിരുന്നു .ഇത്തരത്തിൽ ചിന്തിക്കുന്നവർ സമകാലീന സിനിമയിൽ എത്ര പേരുണ്ടെന്നുള്ളത് ചിന്ത്യം .
ഇനി ഒരു വാൽക്കഷ്ണം കൂടി ...ഇന്ന് രാവിലത്തെ ഒരു പത്രത്തിൽ ഷാനവാസിന്റേതായുള്ള ഒരു അഭിമുഖത്തിൽ നസീർ സാറിന്റെ മുഖ്യ ചിത്രങ്ങളുടെ പേരുകളുടെ കൂട്ടത്തിൽ 'കാര്യം നിസ്സാരവും ' പ്രശനം ഗുരുതരവും ' കണ്ടില്ല. ദുഃഖം തോന്നി . ആ ദുഃഖം നസീർ സാറിന്റെ ആത്മാവിനും തോന്നിയേക്കാം. കാരണം, 'എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം 'കാര്യം നിസ്സാരത്തിലെ ' ഉണ്ണിത്താനാണെ' ന്നു എത്രയോ വേദികളിൽ അദ്ദേഹം ഞാൻ ഇരിക്കുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ട്. മാത്രമല്ല ലോകത്തു ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച ഈ ചരിത്രപുരുഷന്റെ ഭൗതിക ദേഹം വി ജെ ടി ഹാളിൽ നിന്ന് ചിറയൻകീഴിലേക്കു കൊണ്ടുപോയ വാഹനത്തിന്റെ മുൻഭാഗം അലങ്കരിക്കാനും ഞാൻ പറഞ്ഞ ഉണ്ണിത്താന്റെ ചിരിക്കുന്ന മുഖമായിരുന്നു എന്നത് തന്നെ അപൂർവ്വമായി ലഭിച്ച ഒരു ചാരിതാർഥ്യമാണ്.
നസീർ സാറിനെപ്പറ്റി, ശിവാജി സാറിനെപ്പറ്റിയൊക്കെ എനിക്ക് പറയാൻ ഒരു പിടി ഉണ്ട് .