തിരുവനന്തപുരം: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ ദേശീയ ഡയറക്‌ടറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എസ്. അബ്‌ദുൾ നാസറിന് കേരള ജുവലേഴ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്രി സ്വീകരണം നൽകി. കേരളത്തിലെ ജുവലറി അസോസിയേഷനുകളുടെ സംയുക്തവേദിയായ കേരള ജുവലേഴ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്രിയുടെ കോ-ഓർഡിനേറ്ററാണ് അബ്‌ദുൾ നാസർ.
സ്വീകരണ സമ്മേളനം കോ-ഓർഡിനേഷൻ കമ്മിറ്രി കൺവീനർ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേരള ജുവലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ടി.എസ്. കല്യാണരാമൻ, ഭാരവാഹികളായ ബാബു എം. ഫിലിപ്പ്, സുരേന്ദ്രൻ കൊടുവള്ളി, ഷാജു ചിറയത്ത് എന്നിവർ സംസാരിച്ചു.