മലയാളിയായ രാജേന്ദ്രൻ മേനോന് അവസരം നഷ്‌ടമായി
ന്യൂഡൽഹി: ഡൽഹി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർക്ക് സുപ്രീംകോടതി ജഡ്‌ജിമാരായി സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ കൊളീജിയം തിരുത്തിയതിനെതിരെ സുപ്രീംകോടതി ജഡ്‌ജി സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിക്ക് കത്തയച്ചു.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസും മലയാളിയുമായ രാജേന്ദ്ര മേനോൻ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെ മറികടന്ന് ഡൽഹി ഹൈക്കോടതി ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, കർണാടക ചീഫ് ജസ്‌റ്റിസ് ദിനേശ് മഹേശ്വരി എന്നിവരെ ശുപാർശ ചെയ്‌തതാണ് വിവാദമായത്. ഇവരിൽ സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തത് വിവിധ ഹൈക്കോടതികളിലെ സീനിയർ ആയ 32പേരെ തഴഞ്ഞാണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ ഡൽഹി ഹൈക്കോടതി ജഡ്‌ജി കൈലാഷ് ഗംഭീർ രാഷ്‌ട്രപതിക്കും കത്തയച്ചു.
ഇവരിൽ ഏറ്റവും സീനിയർ ജസ്റ്റിസ് നന്ദ്രജോഗ് ആണെന്നും അദ്ദേഹത്തെ
മറികടക്കുന്നത് തെറ്റായ സന്ദേശമാകുമെന്നും സഞ്ജയ് കിഷൻ കൗൾ കത്തിൽ ചൂണ്ടിക്കാട്ടി.
ഡിസംബർ 12ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്‌റ്റിസുമാരായ മദൻ ബി. ലോക്കൂർ, എ.കെ. സിക്രി, എസ്.എ.ബോബ്ഡെ, എൻ.വി. രമണ എന്നിവരുൾപ്പെട്ട കൊളീജിയമാണ് രാജേന്ദ്ര മേനോനെയും പ്രദീപ് നന്ദ്രജോഗിനെയും സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്‌തത്. മദൻ ബി. ലോക്കൂർ വിരമിച്ചപ്പോൾ പകരം ജസ്‌റ്റിസ് അരുൺ മിശ്രയെ ഉൾപ്പെടുത്തിയ കൊളീജിയം ജനുവരിയിലാണ് ആ തീരുമാനം മാറ്റി ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയെയും ശുപാർശ ചെയ്‌തത്.
മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് നിയമ രംഗത്തുള്ള നിരവധി പേർ വിമർശിച്ചു. അന്ന് പത്രസമ്മേളനത്തിൽ ഉണ്ടായിരുന്ന റിട്ട. ജഡ്‌ജ് ജെ.ചെലമേശ്വറും തീരുമാനത്തെ വിമർശിച്ചു.
വിനയായത് വിധിയിലെ കോപ്പിയടി
ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഒരു വിധിയിൽ പകർപ്പാവകാശം ലംഘിച്ച് ഒരു ലേഖനത്തിലെ ഭാഗങ്ങൾ ഉൾപ്പെടുത്തിയത് നന്ദ്രജോഗിന് വിനയായെന്ന് സൂചനയുണ്ട്. ഈ വിവരം ജനുവരിയിൽ ചേർന്ന കൊളീജിയത്തിന് മുന്നിൽ വന്നിരുന്നു. അബദ്ധം സമ്മതിച്ച നന്ദ്രജോഗ് മാപ്പു പറയുകയും ക്ളാർക്ക് ചേർത്തതാണെന്ന് വിശദീകരിക്കുകയും ചെയ്‌തു. മുൻ കൊളീജിയത്തിന്റെ തീരുമാനം റദ്ദാക്കിയപ്പോൾ നന്ദ്രജോഗിനൊപ്പം രാജേന്ദ്ര മേനോനും പുറത്തായെന്നാണ് സൂചന. ഉത്തരേന്ത്യയിൽ ജനിച്ചു വളർന്ന ജസ്‌റ്റിസ് രാജേന്ദ്രന്റെ കുടുംബ വീട് മണ്ണാർക്കാടാണ്.
ഖന്നയ്‌ക്ക് അനുകൂലമായി പാരമ്പര്യം
അടിയന്തരാവസ്ഥക്കാലത്ത് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ആയിരുന്ന എച്ച്.ആർ. ഖന്നയുടെ മരുമകനാണ് സഞ്ജീവ് ഖന്ന.സീനിയർ ഖന്നയെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചതും സീനിയോറിറ്റി മറികടന്നാണ്. കർണാടക ചീഫ് ജസ്‌റ്റിസ് ദിനേഷ് മഹേശ്വരിയും സീനിയോരിറ്റിയിൽ പിന്നിലാണ്. എന്നാൽ സുപ്രീംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി കണക്കാക്കാറില്ലെന്ന് പറയപ്പെടുന്നു.