തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെ പീരങ്കി മൈതാനിയിൽ എൻ.ഡി.എ സമ്മേളനത്തിൽ വച്ച് നടത്തിയ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനൊരുങ്ങുന്നു . നരേന്ദ്രമോദി നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് മോദി നടത്തിയിരിക്കുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ.
പ്രധാനമന്ത്രി പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയിൽ ഡി.വൈ.എഫ്.ഐ നാളെ ഭരണഘടനാ വായന നടത്താണ് തീരുമാനം. ഭരണഘടനാപരമായ ഉത്തരവാദിത്വം മാതൃകാപരമായി നടപ്പിലാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം രാഷ്ട്രീയ വൈരം പ്രകടിപ്പിച്ച പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ചെയ്തത്. ഭരണഘടനയ്‌ക്കെതിരെ കലാപം നടത്തുന്നവരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ഇകഴ്ത്തുകയുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ ചെയ്തതെന്നും ഡി.വൈ.എഫ്.ഐ. ആരോപിക്കുന്നു.
കേരളത്തിൽ സംഘപരിവാർ നടത്തുന്ന സുപ്രീം കോടതി വിധിക്കെതിരായ കലാപങ്ങൾക്ക് പ്രധാനമന്ത്രിയുടെ പ്രേരണയുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.