ശബരിമല : സന്നിധാനം , പമ്പ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ പോലും അറിയാതെ പൊലീസ് ഒരുക്കിയ മറ്റൊരു തിരക്കഥയാണ് ഇന്നലെ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊളിഞ്ഞതെന്ന് സൂചന.നേരത്തെ അഡ്വ.ബിന്ദു, കനക ദുർഗ എന്നിവരെ ഇത്തരത്തിൽ പൊലീസ് സന്നിധാനത്ത് എത്തിച്ചിരുന്നു. അന്ന് മഫ്തിയിൽ ഇവർക്ക് സുരക്ഷ നൽകിയത് കണ്ണൂർ കെ.എ.പി ഫോർത്ത് ബറ്റാലിയനിലെ പൊലീസുകാരാണ്. ഈ ബറ്റാലിയനിലെ ചില പൊലീസ് ഉദ്യോഗസ്ഥരും ഒരു പൊലീസ് അസോസിയേഷൻ ഭാരവാഹിയും കഴിഞ്ഞ ദിവസം ശബരിമല, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ മഫ്തിയിൽ എത്തിയിരുന്നു. യുവതികളെ വീണ്ടും ശബരിമലയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന സൂചന ചില കേന്ദ്രങ്ങൾക്ക് ലഭിച്ചിരുന്നു.ഇതാടെ സന്നിധാനത്തും മരക്കൂട്ടത്തും സ്വാമി അയ്യപ്പൻ റോഡിലും നീലിമലയിലുമെല്ലാം പ്രതിഷേധക്കാർ ശ്രദ്ധകേന്ദ്രീകരിച്ചു. കോട്ടയത്തുനിന്നും ടെമ്പോട്രാവലറിൽ എത്തിയ യുവതികളടങ്ങിയ സംഘത്തിനൊപ്പം മഫ്ത്തിയിൽ പൊലീസ് സംഘവുമുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ നിലയ്ക്കലിൽ നിന്നും കെ. എസ്. ആർ. ടി. സി ബസിൽ പമ്പയിൽ എത്തുകയായിരുന്നു. യുവതികൾ ഉണ്ടോ എന്നറിയാൻ നിലയ്ക്കലിൽ വനിതാ പൊലീസ് ബസുകളിൽ പരിശോധന നടത്തുന്ന പതിവുണ്ട്. എന്നാൽ മഫ്തിയിലുള്ള പൊലീസുകാരുടെ ഇടപെടൽ കാരണം മതിയായ പരിശോധന നടത്താതെ അവർ ഇറങ്ങി. പമ്പയിൽ എത്തിയ ഇവരെ സ്കാനറിലൂടെ കയറ്റി പരിശോധന നടത്താതെയാണ് കടത്തികൊണ്ടുപോയത്. രേഷ്മ കറുത്ത മുണ്ടും ജുബ്ബയുമാണ് ധരിച്ചിരുന്നത്. ഷാനിലയുടേത് ഇളം നീലനിറത്തിലുള്ള ജീൻസും ജുബ്ബയുമായിരുന്നു.ഇരുമുടി കെട്ടുകൾക്കൊപ്പം മങ്കിക്യാപ്പ് ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയുക പ്രയാസമായിരുന്നു. ഭക്തർ തിരിച്ചറിഞ്ഞ് ഇവരെ നീലിമലയിൽ തടയുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ മഫ്തി പൊലീസ് തന്ത്രപൂർവം പിൻവാങ്ങി.