അഡ്ലെയ്ഡ് : ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ 45-ാം ഓവറിൽ ഒരു സിംഗിളെടുക്കാൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി ഓട്ടം പൂർത്തിയാക്കിയില്ലെന്ന് കമന്റേറ്ററായിരുന്ന മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് കണ്ടെത്തി. നഥാൻ ലിയോൺ എറിഞ്ഞ ഓവറിലായിരുന്നു ധോണിയുടെ അബദ്ധം.
ഓവറിന്റെ അവസാന പന്തിൽ സിംഗിളിനായി ഓടിയ ധോണി നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ബാറ്റ് കുത്തിയിരുന്നില്ലെന്ന് ടി.വി. ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. എന്നാൽ ഓവർ പൂർത്തിയായി പൊസിഷൻ മാറിയതിനാൽ അമ്പയർ ഇത് ശ്രദ്ധിച്ചില്ല. ധോണിയുടെ പേരിൽ റൺസ് കൂട്ടുകയും ചെയ്തു. കമന്റേറ്ററായിരുന്ന ഗിൽ ക്രിസ്റ്റ് ഉടൻ തന്നെ ഇക്കാര്യം വിളിച്ചു പറഞ്ഞിരുന്നു.
മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്ന ധോണി ഇന്ത്യയെ വിജയിപ്പിച്ച് പരമ്പര 1-1 ന് സമനിലയിലാക്കിയിരുന്നു. നാല് പന്ത് ശേഷിക്കേയാണ് ഇന്ത്യ വിജയം കണ്ടത്. വിജയ റൺസ് നേടിയതും ധോണിയാണ്. പരമ്പര വിജയിയെ നിർണയിക്കുന്ന മൂന്നാം ഏകദിനം നാളെ മെൽബണിൽ നടക്കും.