കോഴിക്കോട്∙ സുപ്രിംകോടതി വിധിയുടെ മറവിൽ കമ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ശബരിമലയിൽ കയറ്റാനാണു സി.പി.എം ശ്രമിക്കുന്നതെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. ആരെയും ബലം പ്രയോഗിച്ച് കയറ്റണമെന്ന് കോടതി പറഞ്ഞിട്ടില്ല. പക്ഷേ ആസൂത്രിതമായി കയറ്റാനാണ് സർക്കാർ ശ്രമമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബി.ജെ.പി ശബരിമലയിലെ സമരത്തെ ധർമസമരമായാണ് കാണുന്നത്. ധർമസമരത്തിൽ ജയമോ തോൽവിയോ ഇല്ല. സമാധാന മാർഗത്തിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനാണു ബിജെപി ശ്രമിക്കുന്നത്. ശബരിമലയെ തകർക്കുകയെന്ന ഉദ്ദേശമാണ് സി.പി.എമ്മിന്റേത്. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം തുടരണോ വേണ്ടയോ എന്നു പാർട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ ബി.ജെ.പി നേടിയ വിജയം ബംഗാളിലും ത്രിപുരയിലും സി.പി.എം ഇല്ലാതായതിനെ ഒാർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു