പാലക്കാടൻ ഗ്രാമങ്ങളിലെ ഒടിയന്റെ കഥ പറയുന്ന ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ. ചിത്രീകരണത്തിന് മുമ്പും ചിത്രീകരണസമയത്തും റിലീസിന് ശേഷവും വാർത്തകളിൽ നിറഞ്ഞ ചിത്രമായിരുന്നു ഒടിയൻ.
ചിത്രം നൂറുകോടി ക്ലബിൽ പ്രവേശിച്ച വാർത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോൾ മറ്റൊരു രൂപത്തിൽ 'ഒടിയൻ' വീണ്ടും എത്തുകയാണ്. ഇരവിലും പകലിലും ഒടിയൻ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമന്റെറി സംവിധാനം ചെയ്യുന്നത് നൊവിൻ വാസുദേവ് ആണ്.
മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒടിയൻ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. 'ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിർമ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവിൽ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 'ഇരവിലും പകലിലും ഒടിയൻ' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിൻ വാസുദേവ് ആണ്. ഉടൻ വരുന്നു..' മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.