തിരുവനന്തപുരം: നാലു പതിറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമാകുകയും വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ മലയാള സിനിമയ്ക്ക് നവ ഭാവുകത്വം സമ്മാനിക്കുകയും ചെയ്ത പ്രിയ ചലച്ചിത്രകാരന് തലസ്ഥാനം കണ്ണീരോടെ വിടചൊല്ലി. സിനിമയിൽ തന്റേതു മാത്രമായ വഴിവെട്ടി ഒരിക്കലും മരണമില്ലാത്ത സിനിമകൾ തീർത്ത സംവിധായകനെ അർഹിച്ച ആദരവോടെയാണ് അദ്ദേഹത്തിന്റെ സ്വന്തം സാംസ്കാരിക തട്ടകം യാത്രയാക്കിയത്. വികാരം മുറ്റിനിന്ന അന്തരീക്ഷത്തിൽ ഇൻക്വിലാബ് വിളികളോടെയും ഗാനാഞ്ജലികളോടെയുമായിരുന്നു തലസ്ഥാനം ലെനിന് യാത്രചൊല്ലിയത്.
കൂപ്പുകൈകളോടെ നഗരം
രാവിലെ കവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിൽനിന്നു വിലാപയാത്രയായി പത്തരയോടെയാണ് പൊതുദർശനത്തിനായി മൃതദേഹം യൂണിവേഴ്സിറ്റി കോളേജിലെത്തിച്ചത്. അന്ത്യയാത്രയിലും തന്റെ ട്രേഡ്മാർക്കായ തൊപ്പിയും കണ്ണടയും ലെനിന്റെ മുഖത്തുണ്ടായിരുന്നു. ചേതനയറ്റ ശരീരത്തിന് അത് സജീവത തോന്നിപ്പിച്ചു. ലെനിൻ രാജേന്ദ്രനിലെ കലാകാരനും വിപ്ലവകാരിക്കും വിത്തുപാകിയ യൂണിവേഴ്സിറ്റി കോളേജിന്റെ മണ്ണിൽ സഹപാഠികളും വിദ്യാർത്ഥികളും വിവിധ മേഖലകളിലെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 'ചൈത്രം ചായം ചാലിച്ചു", 'പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു", 'ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ", 'ഇരുളിൻ മഹാനിദ്രയിൽ" തുടങ്ങി ലെനിൻ സിനിമകളിലെ പ്രിയഗാനങ്ങൾ പൊതുദർശനവേളയിൽ പതിഞ്ഞ ശബ്ദത്തിൽ കോളേജ് അങ്കണത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. രാവിലെമുതൽ ശാന്തനിശബ്ദമായ കോളേജ് അന്തരീക്ഷത്തെ ഇത് കൂടുതൽ ശോകമയമാക്കി.അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൊതുദർശന ചടങ്ങുകൾ.
പതിനഞ്ച് മിനിറ്റ് നേരത്തെ പൊതുദർശനത്തിനുശേഷം വിലാപയാത്ര ലെനിൻ രാജേന്ദ്രൻ തന്റെ സിനിമാജീവിതത്തിൽ നിരന്തരം ബന്ധപ്പെട്ടുനിന്ന കലാഭവൻ തിയേറ്ററിലേക്ക്. വഴിവക്കിൽ കൂടി നിന്നവരും റോഡരികിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും വാഹനയാത്രക്കാരും മൃതദേഹം വഹിച്ച വാഹനത്തിനുനേരെ തൊഴുത് അന്ത്യാഞ്ജലിയർപ്പിച്ചത് പ്രിയസംവിധായകനോടുള്ള ആദരമായി.
തിയേറ്ററിനു മുൻവശം ലെനിൻ രാജേന്ദ്രന്റെ സിനിമകളുടെ പേരുകളും രംഗങ്ങളും മുദ്രണം ചെയ്ത ഫ്ളക്സുകൾ അലങ്കരിച്ചാണ് അന്ത്യയാത്രയെ വരവേറ്റത്. തിയേറ്റർ അങ്കണത്തിൽ പ്രത്യേകം പന്തൽ തയ്യാറാക്കിയിരുന്നു. തിയേറ്ററിന്റെ വെള്ളിത്തിരയിൽ ലെനിൻ രാജേന്ദ്രന്റെ മുഖവും സിനിമകളിലെ പാട്ടുകളും തെളിഞ്ഞു. പതിഞ്ഞ ശബ്ദത്തിൽ പ്രിയഗാനങ്ങൾ സ്ക്രീനിൽ ചലനചിത്രങ്ങളായി തെളിഞ്ഞു. 'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി', 'നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി" തുടങ്ങിയ ഗാനങ്ങൾ കൂടിനിന്നവരുടെ കണ്ണുകൾ സജലങ്ങളാക്കി. പലരും കണ്ണുകളടച്ച് ലെനിന്റെ ഓർമ്മയിൽ മുഴുകി. രാവിലെ 11മുതൽ ഉച്ചയ്ക്ക് ഒന്നേമുക്കാൽ വരെ പൊതുദർശനത്തിനു വച്ചശേഷം വിലാപയാത്ര ശാന്തികവാടത്തിലേക്ക്.
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
ആകസ്മികമായി കർമ്മരംഗത്തുനിന്നും തലസ്ഥാനത്തെ സാംസ്കാരികലോകത്തുനിന്നും വിട്ടുപോയ പ്രിയചലച്ചിത്രകാരന് യൂണിവേഴ്സിറ്റി കോളേജിലും കലാഭവൻ തിയേറ്ററിലുമായി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ. മന്ത്രിമാരായ എ.കെ.ബാലൻ, തോമസ് ഐസക്, കെ.കെ. ശൈലജ, ജെ.മേഴ്സിക്കുട്ടിഅമ്മ,ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, പ്രൊഫ. സി.രവീന്ദ്രനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, എം.എൽ.എമാരായ കെ.സി. ജോസഫ്, അടൂർ പ്രകാശ്, മുല്ലക്കര രത്നാകരൻ, സി.ദിവാകരൻ, വി.ഡി.സതീശൻ, വി.എസ്. ശിവകുമാർ, എം.കെ.രാജഗോപാൽ, രാജു എബ്രഹാം, എം.വിൻസെന്റ്, ആൻസലൻ, കെ.എസ്. ശബരീനാഥൻ, മേയർ വി.കെ.പ്രശാന്ത്, വി.എം.സുധീരൻ, പന്ന്യൻ രവീന്ദ്രൻ, പന്തളം സുധാകരൻ, പി.പി. മുകുന്ദൻ, എം.വിജയകുമാർ, എൻ.ശക്തൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി.പി.ജോൺ, നീലലോഹിത ദാസൻ നാടാർ, കെ.പി. രാജേന്ദ്രൻ,പിരപ്പൻകോട് മുരളി, വി.സുരേന്ദ്രൻപിള്ള, പുന്നല ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എ.ഹേമചന്ദ്രൻ, വി.മധുസൂദനൻ നായർ, പെരുമ്പടവം ശ്രീധരൻ, കെ.വി. മോഹൻകുമാർ, കമൽ, നെടുമുടി വേണു, ടി.വി. ചന്ദ്രൻ, ഹരികുമാർ, പ്രിയനന്ദനൻ, മണിയൻപിള്ള രാജു, സണ്ണി ജോസഫ്, ജലജ, മേനക, ജി.സുരേഷ്കുമാർ, എം.രഞ്ജിത്ത്, ഗോപകുമാർ, ടി.പി.മാധവൻ, പ്രേംകുമാർ, കാവാലം ശ്രീകുമാർ, കെ.പി. ശങ്കരദാസ്, എൻ. വാസു, കനകലത, അലൻസിയർ, സുധീർ കരമന, പി.ശ്രീകുമാർ, ഭാഗ്യലക്ഷ്മി, ജി.എസ്.വിജയൻ, സനൽകുമാർ ശശിധരൻ തുടങ്ങി സിനിമാ,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗത്തെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ശാന്തികവാടത്തിൽ ഗാനാഞ്ജലി
മലയാളത്തിലെ ഏറ്റവും മികച്ച പത്തു സിനിമാഗാനങ്ങൾ തിരഞ്ഞെടുത്താൽ അതിലൊരെണ്ണം ലെനിൻ രാജേന്ദ്രന്റെ സിനിമയിലേതായിരിക്കും. നൂറെണ്ണം തിരഞ്ഞെടുത്താൽ എണ്ണം പിന്നെയും കൂടും. ലെനിന്റെ സിനിമകളെപ്പോലെത്തന്നെ, ഒരുപക്ഷേ അതിലുമുപരിയായി അവയിലെ പാട്ടുകളെ മലയാളി സ്നേഹിച്ചു. പാട്ടുകളുടെ സാദ്ധ്യതയെ സിനിമയിൽ കൃത്യമായി ഉപയോഗിച്ച സംവിധായകന് അന്ത്യയാത്രയിൽ മലയാളത്തിലെ പ്രിയഗായകർ ചേർന്ന് നൽകിയത് അർഹിച്ച ഗാനാഞ്ജലി.'ദൈവത്തിന്റെ വികൃതികൾ" എന്ന സിനിമയിലെ 'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ"എന്ന കാവ്യശകലം ചൊല്ലിയാണ് തൈക്കാട് ശാന്തികവാടത്തിൽ ഗായകരായ കല്ലറ ഗോപൻ, ജി.ശ്രീറാം, രാജലക്ഷ്മി, അപർണാ രാജീവ്, ഖാലിദ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചത്. ശാന്തികവാടത്തിലെ ലെനിന്റെ അന്ത്യയാത്രയ്ക്ക് ഇതോടെ ഏറെ അർത്ഥവ്യാപ്തി കൈവരികയും ചെയ്തു. കർമ്മങ്ങൾ ഒഴിവാക്കി പാർട്ടി പതാക പുതപ്പിച്ച് 'ഇല്ലായില്ല മരിക്കുന്നില്ല,സഖാവ് ലെനിൻ ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന മുദ്രാവാക്യം വിളികളോടെയാണ് ലെനിൻ രാജേന്ദ്രന് ശാന്തികവാടം യാത്ര ചൊല്ലിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.