തിരുവനന്തപുരം:'ഒരു വ്യക്തിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രം-അതായിരുന്നു ലെനിൻ രാജേന്ദ്രന്റെ അടുത്ത സിനിമാ സ്വപ്നം. ആ കഥ പറയാതെ ബാക്കിവച്ചാണ് അദ്ദേഹം യാത്രയായത്". കഴിഞ്ഞ ഒമ്പതു വർഷമായി ലെനിന്റെ സിനിമാ യാത്രയ്ക്കൊപ്പം സഞ്ചരിച്ച നയനാസൂര്യയുടെ വാക്കുകൾ. ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ശേഷം പ്രൈവറ്ര് സെക്രട്ടറിയുമായിരുന്നു നയന. അദ്ദേഹം പ്രഖ്യാപിക്കേണ്ടിയിരുന്ന ആ സിനിമയെക്കുറിച്ച് ഇനി താൻ പറയുന്നത് ശരിയല്ലെന്നും നയന പറയുന്നു. പെരുമ്പടവം ശ്രീധരന്റെ ഏറ്റവും പ്രശസ്തമായ നോവൽ 'ഒരു സങ്കീർത്തനം പോലെ"സിനിമയാക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതാണ്. പക്ഷേ, ഇടയ്ക്ക് അതൊന്നുമാറ്റിവച്ചാണ് മറ്രൊരു ചിത്രത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എഴുതി തുടങ്ങുകയും ചെയ്തു.
സിനിമയിൽ മാത്രമല്ല, ഡോക്യുമെന്ററികളിലും സ്റ്റേജ് ഷോകളിലും നയന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ സിനിമാ കാഴ്ചപ്പാടുകളാണ് ലെനിൻ രാജേന്ദ്രനുണ്ടായിരുന്നത്. എല്ലാ കലകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അസാമാന്യ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട്. നന്നായി പാടുമായിരുന്നു. ലളിതഗാനവും ശാസ്ത്രീയ സംഗീതവും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. കീർത്തനങ്ങളോട് എപ്പോഴും പ്രത്യേക മമത. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മനോഹര ഗാനങ്ങളാൽ സമ്പന്നമാവാൻ പ്രധാനകാരണം ഈ സംഗീത ബോധമാണ്. ഗാനങ്ങൾക്ക് സംഗീതം നൽകുന്ന വേളയിൽ സംഗീതസംവിധായകരുമായി രാഗങ്ങളെക്കറിച്ചും അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം വിശദമായി ചർച്ചചെയ്യും. നൃത്തത്തിന്റെ ബാലപാഠം പോലുമറിയാത്ത വ്യക്തിയാണ് മനോഹരമായി സ്റ്രേജ്ഷോകളും സിനിമയിൽ നൃത്തരംഗങ്ങളും സംവിധാനം ചെയ്തിട്ടുള്ളത്. ചിത്രകലയെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്നു. 'അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ്, ദുഃഖകരമാണ്" -പത്ത് സംവിധായകരുടെ സംയുക്ത സംരംഭമായ ക്രോസ് റോഡ് എന്ന ചിത്രത്തിലെ ഒരു സംവിധായക കൂടിയായ നയനാ സൂര്യ പറഞ്ഞു.