കോവളം: കോവളത്തെ അന്താരാഷ്ട്ര നിലവാരമുള്ള വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് കോവളം കൊട്ടാരം ഉൾപ്പെടുന്ന അശോക ഹോട്ടലാണ്. അവിടെ തങ്ങളുടെ ആയുസിന്റെ പകുതിയോളം ചെലവഴിച്ച് പടിയിറങ്ങിയവർ അറിഞ്ഞിരുന്നില്ല കാലം ഒരുക്കിവച്ച അപ്രതീക്ഷിത ഒത്തുചേരലിനെക്കുറിച്ച്. കോവളം അശോക ഹോട്ടൽ വിറ്റപ്പോൾ ജോലിനഷ്ടമായവരുടെ കുടുംബസമേതമുള്ള സംഗമത്തിൽ വിരിഞ്ഞത് നഷ്ടവസന്തങ്ങളുടെ കണ്ണീർക്കാലം!
16 വർഷങ്ങൾക്ക് മുമ്പാണ് രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങളെ നാല് ഘട്ടമായി സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. തുടർന്ന് ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അശോക ഹോട്ടലും അനുബന്ധ സ്ഥലവും 2002 ൽ ഗൾഫാർ ഗ്രൂപ്പിന് വിറ്റു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ വേണ്ടി വാജ്പേയി സർക്കാർ ഉണ്ടാക്കിയ സെൻട്രൽ ഡിസ്ഇൻവെസ്റ്റ്മെന്റ് മിനിസ്ട്രി പരസ്യ ലേലം വിളിച്ച് 65 ഏക്കർ സ്ഥലം, 386 മുറികളുള്ള ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവ 43.68 കോടിക്ക് വിറ്റു.
ഇതോടെ 350 ഓളം തൊഴിലാളികൾ നഷ്ട സ്വപ്നങ്ങളുമായി ഹോട്ടലിന്റെ പടിയിറങ്ങി. പലരും മാനസികമായി തകർന്നു. പിരിച്ചുവിട്ടപ്പോൾ കിട്ടിയ പണം മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും ബാദ്ധ്യതകൾക്കും ചെലവിട്ടതോടെ മിക്കവരും കടക്കെണിയിലായി. വേദനകൾ പലരും പുറത്തറിയിച്ചില്ല. പല കുടുംബങ്ങളും വഴിയാധാരമായി. ഈ വേദനയ്ക്കൊടുവിലാണ് ഹോട്ടലിൽ ജോലി നോക്കിയിരുന്ന 218 പേരുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഒത്ത് ചേർന്ന് ഓർമ്മകൾ പങ്കുവച്ചത്. മൺമറഞ്ഞ നൂറിൽപരം സഹപ്രവർത്തകരെ സംഗമത്തിൽ അനുസ്മരിച്ചു.
കോവളം ലീല ജനറൽ മാനേജർ ദിലീപ് കുമാർ, സി.സി. സ്കറിയ, എസ്.എം. ഷെരീഫ്, ആർ.എൻ. അയ്യർ, സുധാകരൻ നാടാർ, സൈമൻ ജോസഫ്, എൽദോ കുഞ്ഞ്, പി. സോമനാഥൻ, എന്നിവർ പങ്കെടുത്തു. വരും കാലങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലേക്കായി സൈമൻ ജോസഫ് (സെക്രട്ടറി), എൽദോ കുഞ്ഞ് (ചെയർമാൻ), പി. സോമനാഥൻ, കെ.എസ്. വത്സലൻ നമ്പൂതിരി (വൈസ് പ്രസിഡന്റുമാർ), ജയാനന്ദൻ (ട്രഷറർ) എന്നിവരുൾപ്പെടുന്ന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.