തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മപ്പെടുത്താൻ സംസ്ഥാന തലത്തിൽ കലാസാംസ്കാരിക കൂട്ടായ്മ ഒരുങ്ങി. ഭാരത് ഭവൻ, സല്യൂട്ട് കേരളയുടെ എന്നിവയുടെ സഹകരണത്തോടെയാണ് ' നവകേരളം ചിരികേരളം ' എന്ന മെഗാഷോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ നൂറ് വേദികളിലായി നവകേരളം ചിരികേരളം 19 മുതൽ അരങ്ങേറും. ഇതിനായി കവി പ്രഭാവർമ്മ രചിച്ച ശീർഷക ഗാനത്തിന്റെ ദൃശ്യ പ്രകാശനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടൻ ഇന്ദ്രൻസിന് നൽകി നിർവഹിച്ചു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സല്യൂട്ട് കേരളയുടെ അണിയറ പ്രവർത്തകർ എന്നിവർ സ്പീക്കറുടെ ഓഫീസിൽ നടന്ന പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
19ന് കണ്ണൂർ സാധു ആഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി എ.കെ. ബാലൻ നവകേരളം ചിരികേരളത്തിന്റെ ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എം.പി, സംവിധായകൻ ലാൽ, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഓരോ വേദിയിൽ നിന്നും ചുരുങ്ങിയത് ഒരു ലക്ഷം രൂപ മെഗാഷോയ്ക്ക് മുന്നോടിയായുള്ള സാംസ്കാരിക കൂട്ടായ്മയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. മെഗാഷോയുടെ ദൈർഘ്യം രണ്ടരമണിക്കൂറാണ്.