തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക വേദികളിൽ ചിന്താഭാരമുള്ള മുഖവുമായി ഇനി ലെനിൻ എത്തില്ല. സിനിമാക്കാരിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്ന ലെനിൻ രാജേന്ദ്രനെ നഗരത്തിന് എങ്ങനെയാണ് മറക്കാനാവുക. സിനിമയെ മാത്രമല്ല അദ്ദേഹം നെഞ്ചോടു ചേർത്തു നിറുത്തിയത്. സിനിമയിലൂടെ സമൂഹത്തേയുമായിരുന്നു.
പഠനവും പോരാട്ടവും ഒരുമിച്ചു നടത്തിയ യൂണിവേഴ്സിറ്റി കോളേജിലും ഒടുവിൽ ഔദ്യോഗിക പദവി വഹിച്ച കെ.എസ്.എഫ്.ഡി.സിയിലെ കലാഭവനിലും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
കെ.എസ്.എഫ്.ഡി.സിയുടെ ചെയർമാനാകുമ്പോൾ വഴുതക്കാട്ടുള്ള ആസ്ഥാനമന്ദിരത്തിലെ ശീതീകരിച്ച മുറിയിൽ ചുമ്മാ ഇരുന്നു വിലസുകയായിരുന്നില്ല ലെനിൻ. മലയാള സിനിമയ്ക്കു വേണ്ടി, പ്രേക്ഷക സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു.
തിരുവല്ലത്തെ ചിത്രാഞ്ജലി കുന്നിനെ ഒരു ഫിലിം സിറ്റിയാക്കാനുള്ള പദ്ധതി തയ്യാറാക്കി. 154 കോടി രൂപ ചെലവഴിച്ചുള്ള ഒരു പദ്ധതിക്കായി രൂപരേഖ തയ്യാറാക്കി. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയെ മാതൃകയാക്കിക്കൊണ്ടുള്ള ഒരു ബൃഹത് പദ്ധതിയായിരുന്നു അത്. ഫിലിം സിറ്റി യാഥാർത്ഥ്യമായാൽ മലയാള സിനിമ തലസ്ഥാനത്ത് താവളമുറിപ്പിക്കുമായിരുന്നു. ഇതിനായി കെ.എ,സ്.എഫ്.ഡി.സി എം.ഡിക്കൊപ്പം അദ്ദേഹം രാമോജി ഫിലിം സിറ്റി സന്ദർശിച്ച് അവിടെത്ത അധികൃതരുമായി സംസാരിച്ചിരുന്നു.
സംസ്ഥാനത്താകെ പുതിയ പത്തു തിയേറ്ററുകൾ തുടങ്ങാനുള്ള പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു. ഇതിൽ അഞ്ചെണ്ണത്തിന്റെ നിർമ്മാണം അടുത്ത ആറു മാസത്തിനുള്ളിൽ തുടങ്ങാനും തീരുമാനമായിരുന്നു. തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഒരു ഫോർ-കെ തിയേറ്റർ അടുത്ത മാർച്ചിൽ തുടങ്ങാനിരുന്നതാണ്. ഇതൊക്കെ യാഥാർത്ഥ്യമാകുന്നത് കാണാൻ നിൽക്കാതെയാണ് അദ്ദേഹം യാത്രയായത്.
'ചെന്നൈയിലെ ആശുപത്രിയിൽ കഴിഞ്ഞപ്പോഴും അദ്ദേഹം എന്നും വിളിക്കുന്നത് കെ.എസ്.എഫ്.ഡി.സിയുടെ പദ്ധതിയുടെ പുരോഗതി അറിയാനായിരുന്നു. അത്രത്തോളം ആത്മാർത്ഥത അദ്ദേഹത്തിനുണ്ടായിരുന്നു'.
- ദീപ ഡി.നായർ,എം.ഡി, (കെ.എസ്.എഫ്.ഡി.സി)