തിരുവനന്തപുരം : കഴിഞ്ഞ വർഷം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട കരാറുകാർക്ക് വാട്ടർ അതോറിട്ടി കൊടുക്കാനുള്ള കുടിശിക നൽകാൻ ഉത്തരവിറങ്ങിയിട്ടും ജില്ലാകളക്ടർ പണം വിതരണം ചെയ്യുന്നില്ലെന്ന് പരാതി. ധനവകുപ്പ് അനുവദിച്ച 3.05 കോടി രൂപയാണ് വിതരണം ചെയ്യാത്തത്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ പൊങ്കാല. അതേസമയം കുടിശിക വിതരണം അട്ടിമറിക്കാൻ നീക്കമുണ്ടെന്നും ആരോപണമുണ്ട്. അതേസമയം ധനകാര്യ വകുപ്പിന്റെ ക്ലിയറൻസ് കിട്ടിയില്ലെന്ന മുട്ടുന്യായമാണ് പണം നൽകാത്തതിന് ജില്ലാഭരണകൂടം നൽകുന്ന വിശദീകരണം. കുടിശിക നൽകാത്തതിനെ തുടർന്ന് കരാറുകാർക്കുണ്ടായ ദുരിതം നവംബറിൽ സിറ്റി കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഡിസംബർ ഏഴിന് കുടിശിക നൽകാൻ ധനവകുപ്പ് ഓഫീസിൽ നിന്ന് ഉത്തരവിറങ്ങി. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ജില്ലാഭരണകൂടം തുടർ നടപടിയെടുത്തിട്ടില്ല. ജല അതോറിട്ടി, ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, നഗരസഭ, പൊലീസ് എന്നിവയ്ക്കായാണ് ഭരണാനുമതി നൽകുന്നത്.
ടെൻഡർ തകൃതി,കൈവിട്ട് കരാറുകാർ
പൊങ്കാലയുമായി ബന്ധപ്പെട്ട് ജല അതോറിട്ടിക്ക് കീഴിൽ സ്വിവറേജ് സംവിധാനങ്ങളൊരുക്കുന്നതിനും ശുദ്ധജല വിതരണ ക്രമീകരണങ്ങൾക്കുമായി ടെൻഡർ ക്ഷണിച്ചിരുന്നു. പൊങ്കാലയ്ക്കെത്തുന്നവർക്ക് താത്കാലിക കുടിവെള്ള കണക്ഷൻ, ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനാണിത്. സ്വിവറേജ് സംവിധാനങ്ങളൊരുക്കുന്നതിനുള്ള ടെൻഡറിന്റെ അവസാന തീയതി ജനുവരി 20 ഉം, ശുദ്ധജലവിതരണ ക്രമീകരണങ്ങൾക്കുള്ള ടെൻഡറിന്റേത് ജനുവരി 25ഉം ആണ്. എന്നാൽ കുടിശിക ലഭിക്കാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്നാണ് കരാറുകാരുടെ പൊതുവികാരം. എന്നാൽ ഇക്കാര്യം കരാറുകാരുടെ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ടെൻഡർ നൽകുന്നതിനുള്ള ഭരണാനുമതിയും വൈകിയിരുന്നു. ഇതുകാരണം കരാറെടുത്താലും അത് പൂർത്തിയാക്കാൻ രാപ്പകൽ ജോലിയെടുക്കേണ്ടി വരും. ടെൻഡർ നൽകി 45 ദിവസത്തിന് ശേഷമേ കരാർ തീർപ്പാക്കാനാകൂ. അതിന് ശേഷം 60 ദിവസം കൂടിയുണ്ടെങ്കിലേ സാധാരണയായി ജോലി പൂർത്തിയാക്കാനാകൂ. നിലവിൽ ജോലി തീർക്കാൻ കഷ്ടിച്ച് ഒരുമാസം മാത്രമാണ് കരാറുകാർക്ക് ലഭിക്കുക.
പൊങ്കാല ഒരുക്കം സംബന്ധിച്ച് രണ്ട് തവണ ആലോചനാ യോഗം ചേർന്നിരുന്നു. പക്ഷേ വിവിധ നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽയിട്ടില്ല. പൊങ്കാലയ്ക്ക് സുഗമമായ ജലവിതരണം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളും ചെയ്യേണ്ടതുമുണ്ട്. പൈപ്പുകൾക്ക് അറ്റകുറ്റപ്പണി വേണമെങ്കിൽ കണ്ടെത്തി പരിഹരിക്കണം.
കനത്ത മഴയിൽ പൊങ്കാല നടക്കുന്ന പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. കരമനയാറിന്റെ വശങ്ങൾ പൊളിഞ്ഞ് കിടക്കുകയാണ്. വേനൽക്കാലം അടുത്തതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ജൻറം പദ്ധതി ജലരേഖയായതും തിരിച്ചടിയായി.