തിരുവനന്തപുരം: കടലോരത്തുള്ള നഗരമാണെങ്കിലും കടലിലോ തീരത്തോ നിരീക്ഷണമോ സുരക്ഷയോ ഒരുക്കാതെ, തീരസുരക്ഷ അപകടത്തിലാക്കുകയാണ് പൊലീസ്. വിഴിഞ്ഞം, പൂവാർ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളും എല്ലായിടത്തും ഓരോ ബോട്ടുകളുമുണ്ടെങ്കിലും ഇവ കടലിലിറക്കാറില്ല. വിഴിഞ്ഞത്തെ ബോട്ട് മാസങ്ങളായി കട്ടപ്പുറത്താണ്. പൂവാർ സ്റ്റേഷനു നൽകിയ ബോട്ട് ഏറ്റെടുക്കാതെ വിഴിഞ്ഞത്ത് ഇട്ടിരിക്കുന്നു. മനുഷ്യരെയെന്നല്ല, എന്തും കടത്താനാവും വിധത്തിൽ തലസ്ഥാനത്തിന്റെ തീരം തുറന്നു കിടക്കുന്നു.
മഹാനിധിയുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തുമ്പയിലെ വിക്രംസാരാഭായ് സ്പേസ് സെന്റർ, വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, വട്ടിയൂർക്കാവ് ഇന്റഗ്രൽ സിസ്റ്റംസ് യൂണിറ്റ് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ടായിട്ടും തലസ്ഥാനത്തെ തീരസുരക്ഷയിൽ ആർക്കും താത്പര്യമില്ല. നേരത്തേ വിഴിഞ്ഞത്തു മാത്രമായിരുന്നു കോസ്റ്റൽ പൊലീസ് സ്റ്റേഷൻ. പിന്നീട് മൂന്നെണ്ണമായിട്ടും ഫലം തഥൈവ. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിട്ടുള്ള വിഴിഞ്ഞത്ത് മൂന്ന് എസ്.ഐമാരുടെ തസ്തികകളിൽ നിയമനം നടത്തിയിട്ടില്ല. ബോട്ടുകൾ ഓടിക്കാൻ രണ്ട് താത്കാലിക ജീവനക്കാർ മാത്രമാണുള്ളത്. ബോട്ടോടിക്കാൻ ആളില്ലാത്തതിനാലാണ് സ്ഥിരമായി പട്രോളിംഗ് നടത്താത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
വിഴിഞ്ഞം സ്റ്റേഷനിലെ ബോട്ടിന്റെ തകരാർ നീക്കാൻ ശ്രമിക്കുന്നുമില്ല. കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരെത്തി അറ്റകുറ്റപ്പണി നടത്തുമെന്ന് ഇടയ്ക്കിടെ പറയുമെങ്കിലും ഒന്നും നടക്കാറില്ല. മനുഷ്യക്കടത്തോ മയക്കുമരുന്ന് കടത്തോ നടക്കുന്നതായി വിവരം കിട്ടിയാലും പൊലീസിന് തടയാനാവില്ലെന്നതാണ് സ്ഥിതി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) രണ്ട് ഉദ്യോഗസ്ഥർക്ക് വിഴിഞ്ഞത്തിന്റെ ചുമതലയുണ്ടെങ്കിലും അവർ അങ്ങോട്ട് നോക്കാറില്ല. ആഴ്ചയിലൊരിക്കൽ വിഴിഞ്ഞം തീരദേശ സ്റ്റേഷനിൽ വിളിച്ച് വിശേഷം തിരക്കുക മാത്രമാണ് ഇവരുടെ ജോലി. കോസ്റ്റ്ഗാർഡാവട്ടെ, മുംബയിലെ അവരുടെ ആസ്ഥാനത്തുനിന്നുള്ള നിർദ്ദേശപ്രകാരമേ പട്രോളിംഗ് നടത്താറുള്ളൂ. ഉൾക്കടലിൽ അപകടങ്ങളിൽ പെട്ടവരെ രക്ഷിക്കാൻ വിളിച്ചാൽ പോലും കോസ്റ്റ്ഗാർഡ് വരാറില്ലെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു. ഉൾക്കടലിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടെടുത്താണ് പൊലീസ് കടലിൽ പോവുന്നത്.
തീരദേശ സ്റ്റേഷനുകളിലെല്ലാം കടലോര ജാഗ്രതാസമിതികളുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. സമിതി അംഗങ്ങൾക്ക് വിവരങ്ങൾ അറിയിക്കാൻ പ്രതിമാസം 100രൂപ നൽകിയിരുന്നത് അടുത്തിടെ നിറുത്തലാക്കി. പൊലീസ് വിളിക്കുന്ന യോഗത്തിന്, ഒരുദിവസത്തെ ജോലി നഷ്ടപ്പെടുത്തി വരാനാകാത്തതിനാൽ മത്സ്യത്തൊഴിലാളികൾ അവഗണിക്കുകയാണ് പതിവ്. കടലിലോ തീരത്തോ നിന്ന് വിവരങ്ങൾ അറിയാൻ പൊലീസിന് ഒരു സംവിധാനവുമില്ലെന്ന് ചുരുക്കം. തീരത്തുനിന്ന് 12 നോട്ടിക്കൽമൈൽ വരെയുള്ള ടെറിറ്റോറിയൽ സീ എന്നറിയപ്പെടുന്ന പ്രദേശത്താണ് തീരദേശ പൊലീസിന് പട്രോളിംഗിന് അനുമതിയുള്ളത്. അഞ്ചുടണ്ണിന്റെയും 20 ടണ്ണിന്റെയും 23 ബോട്ടുകളാണ് തീരദേശ പൊലീസിന് ആകെയുള്ളത്. എല്ലായിടത്തും കടലിൽ പോകുന്നത് അപൂർവമാണ്. കടൽ ക്ഷോഭിച്ചാൽ അഞ്ചുടൺ ബോട്ടിൽ വെള്ളംകയറും. ഇന്ധനക്ഷമത കുറവായതിനാൽ ഇരുപത് ടൺ ബോട്ട് കടലിലിറക്കാറില്ല- ഇതാണ് തീരദേശപൊലീസിന്റെ സ്ഥിതി.
രക്ഷിച്ചത് തീരം
ആസ്ട്രേലിയയിലേക്ക് ആളുകളെ കടത്താൻ മുനമ്പത്തിനു പകരം വിഴിഞ്ഞം തിരഞ്ഞെടുക്കാതിരുന്നതിന് ഒരു കാരണമേയുള്ളൂ- വലിയ ബോട്ടുകൾ തീരത്ത് അടുക്കില്ല. എന്നാൽ ചെറുബോട്ടുകളിൽ ആളുകളെ ഉൾക്കടലിലെ വലിയ ബോട്ടുകളിലേക്ക് എത്തിക്കാൻ തടസമുണ്ടാവില്ല. ശ്രീലങ്കൻ അഭയാർത്ഥികൾ ബോട്ടുകളിലെത്തി വിഴിഞ്ഞത്തേക്ക് നീന്തിക്കയറിയ നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്.
കണ്ണുവേണം അയൽപക്കത്തേക്ക്
തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ മാത്രം അകലെയുള്ള ശ്രീലങ്കയിൽ ചൈനീസ് സേനയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് പരിഗണിച്ച് തീരത്ത് പഴുതടച്ച സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. 2015ൽ പാകിസ്ഥാൻ കരസേനാമേധാവി കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നു. ശ്രീലങ്ക വഴിയുള്ള ആയുധക്കടത്തിന്റെ മുനമ്പാണ് തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം. തുറമുഖം വഴി ചൈനീസ് സഹായത്തോടെ ഐ.എസ്.ഐ വൻതോതിൽ ആയുധമെത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
തീരദേശ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. വലിയതുറ അടക്കം കടലോരമേഖലയിലുള്ള 72 പൊലീസ് സ്റ്റേഷനുകളും ശക്തിപ്പെടുത്തും.ലോക്നാഥ് ബെഹ്റ (പൊലീസ് മേധാവി)