തിരുവനന്തപുരം: റോഡ് പണിക്കായി ഇറക്കിയ ടാർ പരന്നൊഴുകി മാസങ്ങളായിട്ടും പരിഹാരമുണ്ടാകാത്തതിൽ വലയുകയാണ് പേട്ട - ആനയറ റോഡിലൂടെ സഞ്ചരിക്കുന്നവർ. വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടമൊരുക്കി കാത്തിരിക്കുകയാണ് റോഡരികിലെ ഈ ടാർ കെണി. കുടവൂരിനും പമ്പ് ഹൗസിനും ഇടയിലാണ് റോഡ് പണിക്ക് കൊണ്ടു വച്ച ടാർ മറിഞ്ഞ് ഭീഷണിയാകുന്നത്. നാല് മാസങ്ങൾക്ക് മുൻപ് റോഡ് പണിക്കായി കരാറുകാരൻ ഇവിടെ നിർമാണ സാമഗ്രികൾ ഇറക്കിയിരുന്നു. അതിൽ നിന്ന് മറിഞ്ഞ ടാർ പണികഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല.
റോഡിന്റെ ഒരു വശത്ത് ടാർ പരന്ന് കിടക്കുന്നതറിയാതെ നടന്നോ വാഹനത്തിലോ സഞ്ചരിക്കുന്ന യാത്രക്കാരെ അപകടത്തിൽപ്പെടുത്തുകയാണ് ഈ ടാർ കെണി. വെയിലേറ്റ് ഉരുകി കിടക്കുന്ന ടാറിൽ ചവിട്ടുന്നവർ അനങ്ങാനാവാതെ കുടുങ്ങുന്നത് ഇവിടെ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് മറ്റാരുടെയെങ്കിലും സഹായത്തോടെ മാത്രമേ ഇവർക്ക് ഇതിൽ നിന്ന് പുറത്ത് കടക്കാനാവൂ. നിരവധി പേരാണ് ഗത്യന്തരമില്ലാതെ ടാറിൽ പുതഞ്ഞ് റോഡിൽ പതിഞ്ഞുപോയ ചെരുപ്പുകൾ ഉപേക്ഷിച്ചു പോയത്. വാഹനത്തിൽ വരുന്നവർക്കുള്ള ദുരിതവും ചില്ലറയല്ല. ഇരുചക്ര വാഹനങ്ങൾ ഈ ടാർ കെണിയിൽ കുരുങ്ങി മറിയുന്നതും ഇതിനെക്കുറിച്ച് അറിയാവുന്ന സ്ഥിരം യാത്രക്കാർ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്പോൾ അപകടമുണ്ടാകുന്നതും പതിവാണ്.
വലിയ ഉദേശ്വരം ഗവ. എൽ.പി ആൻഡ് പ്രീ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളടക്കം നിരവധി പേർ കടന്നുപോകുന്ന ഈ റോഡിലെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.