കണ്ണൂർ: ആഗോള ഭീകര സംഘടനയായ ഐസിസിൽ ചേരാൻ കണ്ണൂരിൽ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂർ സിറ്റിയിൽ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അൻവർ മരിച്ചതായി കണ്ണൂരിൽ ഒരാൾക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഈയിടെ അൻവറിന്റെ ഭാര്യ അഫ്സീല ഒരു സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗിൽ ഇവർ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭർത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും അതീവ ദു:ഖിതയായാണ് ഇവർ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ നവംബർ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അൻവറിനു പുറമേ ഭാര്യ അഫ്സീല, മൂന്നു മക്കൾ, പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കൾ, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവർ തിരച്ചെത്താതിരുന്നപ്പോൾ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം.
കണ്ണൂർ പാപ്പിനിശേരിയിൽ നിന്ന് ഐസിസിൽ ചേർന്ന് സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അൻവറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സൽമാൻ, സഫ്‌വാൻ എന്നിവർ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അൻവറും കുടുംബവും ഐസിസിൽ ചേരാൻ തീരുമാനിച്ചത്. ജില്ലയിൽ നിന്ന് സിറിയയിലേക്കും മറ്റും പോയവരിൽ 14 പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു പേരെ തുർക്കി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.