മധുര: പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ടിലുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ഇരുപത് പേരുടെ നില ഗുരുതരമാണ്. അഴിച്ച് വിട്ട കാളകൂറ്റന്മാരെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. പരിക്കേറ്റ നൂറിലധികം പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരുടെ ദേഹത്ത് കാളകൊമ്പുകൾ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പേരാണ് പാലമേടിലെ ജെല്ലികെട്ടിൽ മാത്രം പങ്കെടുത്തത്. മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലികെട്ടിലാണ് അപകടം നടന്നത്. ജെല്ലിക്കെട്ട് മത്സരത്തിൽ 450 കാളകളും 550 കാളപിടിത്തക്കാരും പങ്കെടുത്തു.
ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാൾക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്വർണ ചെയിനുമായിരുന്നു സമ്മാനം. മത്സരത്തിൽ ഒൻപത് കാളകളെ കീഴടക്കിയ മുത്തുപട്ടിയിലെ തിരുനാവക്കരശിനെയും ഏഴ് കാളകളെ കീഴടക്കിയ മുടക്കത്താനിലെ അറിവേൽ അമുദനെയും ആറുകാളകളെ കീഴടക്കിയ രഞ്ജിത്ത് കുമാർ, രാഘവപാണ്ടി എന്നിവരെയും മികച്ച കാളപിടിത്തക്കാരായി തിരഞ്ഞെടുത്തു. തമിഴ് അഭിമാനത്തിന്റെയും പൗരുഷത്തിന്റെയും പ്രതീകമായി കാണുന്ന ജെല്ലിക്കെട്ട് 2014ൽ സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാൽ, കടുത്ത പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകുകയായിരുന്നു.