ബംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നതിനിടെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു. മുഴുവൻ എം.എൽ.എമാരും നിർബന്ധമായും പങ്കെടുക്കണമെന്നാണ് പാർട്ടി നിർദ്ദേശം. പരിപാടിയിൽ പങ്കെടുക്കാത്തവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്ന് നിയസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. നാളെ വൈകിട്ട് മൂന്നിന് വിസാൻ സൗധിലാണ് യോഗം. കോൺഗ്രസിന്റെ ശക്തിപ്രകടനമായിട്ടാണ് യോഗത്തെ കാണുന്നത്.
കോൺഗ്രസിന്റെ പിന്തുണ പിൻവലിച്ച് ബി.ജെ.പി ക്യാമ്പിലെത്തിയ എംഎൽഎമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവരെ അനുനയിപ്പിക്കാനായി കോൺഗ്രസ് നേതാക്കൻമാർ ചർച്ച നടത്തുകയാണ്. സർക്കാർ താഴെ വീഴാതെ ഭരണം നിലനിർത്താനായി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പിയുടെ കുതിരക്കച്ചവടം വിജയിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.രണ്ട് സ്വതന്ത്രർ മാത്രമാണ് ഇതുവരെ പാർട്ടി പിന്തുണ പിൻവലിച്ചത്. മറ്റ് നാലുപേർ നിലപാട് വ്യക്തമാക്കാത്തത് കോംഗ്രസിന് മുന്നിൽ സാദ്ധ്യത തുറന്നിടുകയാണ്.
എം.എൽ.എമാരെ വശത്താക്കി കർണാടകയിലെ കോൺഗ്രസ്-ദൾ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയിട്ടാണ് ബി.ജെ.പിയുടെ പഴയ പദ്ധതിയായ ഓപ്പറേഷൻ ലോട്ടസ് വീണ്ടും തുടങ്ങിയത്. എന്നാൽ കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും കർക്കശമായി കൈകാര്യം ചെയ്യുമെന്നും നിലപാട് വ്യക്തമായതോടെ ബി.ജെ.പിയുടെ ഓപ്പറേഷൻ ലോട്ടസ് പാളിയതായാണ് സൂചന.
അതേസമയം മൂന്ന് ദിവസത്തെ ഹരിയാന വാസത്തിന് ശേഷം ബി.എസ്.യെദ്യൂരപ്പ ബംഗളൂരുവിൽ തിരിച്ചെത്തി. ഗുരുതരാവസ്ഥയിൽ കഴിയുന്ന ലിംഗായത് ആചാര്യൻ ശിവകുമാര സ്വാമിയെ കാണാനാണ് യെദ്യൂരപ്പ എത്തിയത്. മറ്റ് ബി.ജെ.പി എം.എൽ.എമാർ ഹരിയാനയിൽ തന്നെ തുടരുകയാണ്. ഇവർ എപ്പോൾ തിരികെ വരുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എം.എൽ.എമാർ പോകാതെ നോക്കേണ്ടത് ജെ.ഡി.എസിന്റെയും കോൺഗ്രസിന്റെയും ഉത്തരവാദിത്തമാണ്. ഞങ്ങൾക്ക് 104എം.എൽ.എമാരുണ്ട് ചിലർ അവർക്കൊപ്പം ഉള്ളതാണ് കോൺഗ്രസിന് ആശ്വാസമെന്നും യെദ്യൂരപ്പ പ്രതികരിച്ചു.