ആലപ്പാട്: കരിമണൽ ഖനന വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വെെകിട്ട് വ്യവസായമന്ത്രി ഇ.പി ജയരാജനാണ് ചർച്ച നടത്തുക. സീ വാഷിംഗ് നിറുത്തിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഖനനം പൂർണ്ണമായും നിറുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. നേരത്തെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തീരം ഇടിയാനുള്ള പ്രധാന കാരണം സീ വാഷിംഗ് ആണെന്ന് സമരക്കാർ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്‌ടറും ജനപ്രതിനിധികളും ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.
അതേസമയം, ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കലക്‌ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് തേടി. മാദ്ധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടൽ. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദ വിവരങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഉൾപ്പെടുത്തിയാകണം റിപ്പോർട്ട് നൽകേണ്ടതെന്ന് ജില്ലാ കലക്‌ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടു.