ന്യൂഡൽഹി: അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയ ധനകാര്യമന്ത്രി അരുൺ ജയ്‌റ്റ്‌ലിക്ക് അപൂർവ ക്യാൻസർ ബാധ സ്ഥിരീകരിച്ചതായി ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം നടക്കേണ്ടിയിരുന്ന ഇടക്കാല ബഡ്‌ജറ്റ് അവതരണത്തിന് ജയ്‌റ്റ്‌ലിക്ക് കഴിഞ്ഞേക്കില്ലെന്നും റിപ്പോർട്ട് തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പി നേതാക്കളോ കേന്ദ്രസർക്കാർ വൃത്തങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ജയ്‌റ്റ്‌ലിയുടെ തിരിച്ച് വരവിനായി രാഷ്ട്രീയ ഭേദമന്യേ രാജ്യം മുഴുവൻ പ്രാർത്ഥനയിലാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ജയ്‌റ്റ്‌ലി രോഗവിമുക്തനായി തിരിച്ചെത്തണമെന്ന് ആശംസിച്ച് രംഗത്തെത്തിയിരുന്നു.
വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയുടെ തുടർ ചികിത്സയ്‌ക്ക് വേണ്ടി കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലേക്ക് തിരിച്ച മന്ത്രിക്ക് സോഫ്‌ട് ടിഷ്യൂ സാർക്കോമ എന്ന അപൂർവ ഇനം ക്യാൻസർ ബാധയാണ് സ്ഥിരീകരിച്ചത്. ചികിത്സ കഴിഞ്ഞ് എന്ന് ഇന്ത്യയിൽ തിരിച്ചെത്താൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. ജനുവരി 19ന് മന്ത്രി തിരിച്ചെത്തുമെന്ന് ചില കേന്ദ്രങ്ങൾ സൂചന നൽകുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ഫെബ്രുവരി ഒന്നിന് ബഡ്‌ജറ്റ് അവതരിപ്പിക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. കഴിഞ്ഞ മേയ് 14ന് അദ്ദേഹത്തെ വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നു.