മുംബയ്: സിനിമ നിർമ്മാതാവും മുൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ സദാനന്ദ് എലിയാസ് പപ്പു ലാദ് (51) ക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് മുംബയിലെ ഗ്രാന്റ് റോഡ് മേഖലയിലെ ഗണപതി ക്ഷേത്രത്തിലാണ് സംഭവം. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു കെട്ടിട നിർമ്മാണ കോൺട്രാക്ടറുടെ ഭീഷണിയിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ എഴുതി വച്ചതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മകൻ അങ്കൂർ ലാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിരവധി മറാത്തി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളയാളാണ് സദാനന്ദ് എലിയാസ്.