തിരുവനന്തപുരം: തുടർ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണൽ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരം വിവാദങ്ങളിൽ ആ നല്ല മനുഷ്യനെ വലിച്ചിഴയ്‌ക്കരുതെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു.
ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാൻ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയിൽ ഇനിയും മുന്നോട്ടുപോയാൽ അത് ആലപ്പാടിനെ മാത്രമല്ല ബാധിക്കുക. കടലും കായലും ഒന്നായി അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് തീർച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്.
ജനിച്ച മണ്ണിൽ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്നും വിഎസ് പറഞ്ഞു.
അതേസമയം, വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് മാദ്ധ്യമ സൃഷ്‌ടിയാണെന്നുമായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. വെറുതെ വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്. ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വി.എസിന്റെ പ്രസ്‌താവന മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയില്ലെന്നും അങ്ങനെ വാർത്തയുണ്ടാക്കണമെങ്കിൽ ആയിക്കോളാനുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ആലപ്പാട്ടെ സമരക്കാർക്ക് ചർച്ചയുടെ നോട്ടീസ് നൽകിയിട്ടുണ്ട്. സമരക്കാരുടെ ആശങ്കകൾ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.