കൃഷ്‌ണഗിരി(വയനാട്): രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് നാല് വിക്കറ്റ് നഷ്‌ടം. രാജുൽ ഭട്ടാണ് പുറത്തായത്. 11.2 ഓവർ പൂർത്തിയാകുമ്പോൾ 4 വിക്കറ്റ് നഷ്‌ടത്തിൽ 24 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ആൾ ഔട്ടായ കേരളം ഇന്നലെ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 ൽ അവസാനിപ്പിച്ചതോടെയാണ് കളി ആവേശജനകമായത്. 23 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റൺസിന് വീണ്ടും ആൾ ഔട്ടായി. ഇതോടെയാണ് സന്ദർശകർക്ക് വിജയലക്ഷ്യമായി 195 റൺസ് കുറിക്കപ്പെട്ടത്.
ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. രണ്ടാംദിനമായ ഇന്നലെ 97/4 എന്ന സ്കോറിലാണ് ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 65 റൺസ് കൂടി നേടുന്നതിനിടയിൽ അവരുടെ ആറുവിക്കറ്റുകളും കേരളം എറിഞ്ഞിട്ടു. നാല് വിക്കറ്റുകൾ വീഴ്‌ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റുകൾ വീതം നേടിയ ബേസിൽ തമ്പിയും എം.ഡി നിതീഷും ചേർന്നാണ് പ്രഗൽഭരടങ്ങിയ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയത്. 36 റൺസെടുത്ത റൂട്ട് കലാറിയ മാത്രമാണ് ഗുജറാത്ത് നിരയിൽ ഇന്നലെ പിടിച്ചുനിന്നത്.