തിരുവനന്തപുരം: മൂവായിരം രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിലെ ചിരട്ട കച്ചവടം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ചിരട്ട മാത്രമല്ല ഉപ്പുതൊട്ട് കർപ്പൂരം വരെ ആമസോൺ പോലുള്ള ഷോപ്പിംഗ് സൈറ്റുകളിലുണ്ട്. ഈ വെബ്സൈറ്റുകൾ ഒന്ന് പരതിയാൽ നമ്മൾ മലയാളികൾ വലിച്ചെറിയുന്ന പലതും തീവിലയ്ക്ക് വില്പനയ്ക്ക് വച്ചിട്ടുണ്ട്. പച്ച മാവില ആമസോണിൽ 100 രൂപയ്ക്ക് കിട്ടും. ഒരു പായ്ക്കറ്റിൽ 25 ഇലകൾ കാണും. ഉണങ്ങിയ മാവിലയാണെങ്കിൽ വില 200 ആകും. പ്രമേഹത്തിന് മികച്ച ഔഷധമാണ് മാവിലയെന്നാണ് ആമസോണിന്റെ അവകാശവാദം. വായിലുണ്ടാവുന്ന കുരുക്കൾ നീക്കം ചെയ്യാം, വയറിളക്കത്തിന് ഉത്തമം, പല്ല് തേയ്ക്കാനും ഉപയോഗിക്കാം എന്നിങ്ങനെ നീളുന്നു മാവിലയുടെ വിശേഷണങ്ങൾ. 100 ഗ്രാം പപ്പായ ഇല 100 രൂപയ്ക്ക് ഇവിടെ കിട്ടും. നല്ല വരിക്ക ചക്കയുടെ അഞ്ച് കുരുവിന് ഫ്ളിപ്പ്കാർട്ടിലും ആമസോണിലും നൂറ് രൂപയാണ്.100 ഗ്രാം പുളിങ്കുരുവും കിട്ടും. ഗ്രാമിന് 'വെറും' 100 രൂപ.
നാല് ചെറിയ ചാണക ഉരുളയ്ക്ക് 250 രൂപയാണ് വില. ഒട്ടനവധി ഇ-കൊമേഴ്‌സ് സൈറ്റുകൾ ചാണകത്തിന്റെ മൂല്യം മനസിലാക്കി വിവിധ അളവിൽ, വിവിധ ഗുണങ്ങൾ അടങ്ങിയ ചാണകം വിൽക്കുന്നുണ്ട്. പശു ഉത്പന്നങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഒാൺലൈൻ സ്റ്റോർ എന്ന് അവകാശപ്പെടുന്ന ഗോക്രാന്തി .ഒ.ആർ.ജി (Gaukranti.org) ആണ് ഇതിൽ മുന്നിൽ. ശുദ്ധീകരിച്ച ഗോമൂത്രം പോലും ഇവിടെ വില്പനയ്ക്കുണ്ട്. ശുദ്ധീകരണ പൂജകൾക്കാണ് ചാണകം കൂടുതലായും വാങ്ങുന്നതെന്നാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ പ്രതിനിധികൾ പറയുന്നത്. ആമസോണിന്റെ അഭിപ്രായത്തിൽ ഇത്തരം പ്രകൃതിദത്ത ഉത്പന്നങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് വൻ ഡിമാന്റാണത്രേ.
കഴിഞ്ഞ ദിവസമാണ് ആമസോണിൽ ഒരു മുറി ചിരട്ട നാച്വറൽ ഷെൽ കപ്പ് എന്ന പേരിൽ 3000 രൂപ വിലയിട്ട് വില്പനയ്‌ക്ക് വച്ചിരിക്കുന്ന വാർത്ത പുറത്തുവന്നത്. നാലര ഔൺസാണ് വലിപ്പമെന്നും യഥാർത്ഥ ചിരട്ടയായതിനാൽ പൊട്ടലോ പോറലോ ഉണ്ടാവില്ലെന്നും സൈറ്റിൽ പറഞ്ഞിട്ടുണ്ട്.