കൊല്ലം: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ആർ. ബിജുവിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വക്കീൽ നോട്ടീസ് അയച്ചു.
പ്രേമചന്ദ്രൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ധാരണയുണ്ടാക്കുന്ന തരത്തിൽ വ്യാജവാർത്ത ചമച്ച് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ പരാമർശം. ബിജുവിനെതിരെ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. എ. നിസാർ മുഖേനെ അയച്ച നോട്ടീസിൽ പറയുന്നു.