ന്യൂഡൽഹി: ഫോക്‌സ് വാഗൺ കാർ കമ്പനിക്ക് മേൽ ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തി. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാലാണ് നടപടി. 100 കോടി രൂപ നാളെ വെെകുന്നേരത്തിനകം അടയ്‌ക്കണം. ഇല്ലെങ്കിൽ കമ്പനിയുടെ ഇന്ത്യയിലെ എം.ഡിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. കമ്പനി കണ്ടുകെട്ടാൻ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
പുകപരിശോധന നടത്തിയ സമയത്ത് മലിനീകരണ തോത് കുറച്ചുകാട്ടാൻ ഡീസൽ കാറുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഘടിപ്പിച്ചാണ് കമ്പനി വൻ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 2016ൽ പുകമറ വിവാദത്തിൽപ്പെട്ട ഫോക്‌സ് വാഗൺ കാറുകൾ ഇന്ത്യയിൽ 48.678 ടൺ നൈട്രസ് ഓക്‌സൈഡ് വാതകം പുറന്തള്ളിയെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. 2018 നവംബർ മാസത്തിലാണ് ഡീസൽഗേറ്റ് വിവാദത്തിൽ ഇന്ത്യയ്‌ക്കുണ്ടായ ആഘാതം വിലയിരുത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ പ്രത്യേക സമിതിയെ നിയോഗിച്ചത്.