തിരുവനന്തപുരം: ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. സമിതി സമർപ്പിച്ച റിപ്പോർട്ട് അത്ഭുതപ്പെടുത്തിയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമിതി സ്വീകരിച്ച നിലപാടുകൾ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷണ സമിതി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. യുവതികൾ അഞ്ചു പേർക്കൊപ്പം തിരുമുറ്റത്തേക്കു കടന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഹൈക്കോടതിയിൽ ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊടിമരത്തിനു പിന്നിലെ വാതിലിലൂടെയാണ് യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയത്. ഇതുവഴിയും ഭക്തരെ കടത്താറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയാണ് കടകംപള്ളിയുടെ വിമർശനം.