operation-lotus

ബംഗളുരു: കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഓപ്പറേഷൻ താമര പൊളിഞ്ഞത് കോൺഗ്രസ് നേതാക്കളുടെ കളമറിഞ്ഞുള്ള പ്രത്യാക്രമണത്തിലൂടെ. തങ്ങളുടെ എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി ശ്രമിച്ച മാതൃകയിൽ തന്നെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യവും തന്ത്രങ്ങൾ മെനഞ്ഞതും വിമത എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം വാഗ്‌ദ്ധാനം ചെയ്‌തതും ഓപ്പറേഷൻ താമരയ്‌ക്ക് തിരിച്ചടിയായി. ഇതോടെ ഹരിയാനയിലെ റിസോർട്ടിൽ നിന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയും സംഘവും ബംഗളൂരുവിലേക്ക് മടങ്ങി. ഇവിടെ പാർപ്പിച്ചിരിക്കുന്ന ബി.ജെ.പി എം.എൽ.എമാരും ഉടൻ സംസ്ഥാനത്തേക്ക് മടങ്ങുമെന്നാണ് വിവരം.

കോൺഗ്രസ് എം.എൽ.എമാർ തിരിച്ചെത്തി

അതിനിടെ വിമത പക്ഷത്തായിരുന്ന കോൺഗ്രസ് എം.എൽ.എ ഭീമ നായിക് മടങ്ങിയെത്തിയത് കോൺഗ്രസ് - ജെ.ഡി.എസ് ക്യാമ്പിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. റിസോർട്ടിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുന്ന എം.എൽ.എമാർ രാജി ഭീഷണി ഉയർത്താത്തതും കുമാരസ്വാമി സർക്കാരിന് ആശ്വാസമാകുന്നുണ്ട്. ഇതോടെ ബി.ജെ.പിയുടെ ഹിഡൻ അജണ്ടയായ 'ഓപ്പറേഷൻ താമര" വാടിക്കരിഞ്ഞുവെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടി കെ.സി വേണുപോഗാൽ അഭിപ്രായപ്പെട്ടത്. സർക്കാരിനെ വളഞ്ഞ വഴിയിലൂടെ വലിച്ച് താഴെയിറക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് മുഖത്തേറ്റ അടിയാണ് ഇതെന്നും വേണുഗോപാൽ പറയുന്നു.

മന്ത്രിസ്ഥാനം

വിമത എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകാനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നീക്കം നടത്തുന്നുണ്ട്. മുംബയിലെ ഹോട്ടലിൽ കഴിയുന്ന രമേശ് ജാർക്കിഹോളി അടക്കമുള്ള എം.എൽ.എ.മാർക്ക് മന്ത്രിസ്ഥാനം നൽകി അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കുന്നതിനായി സ്ഥാനമൊഴിയാൻ തയാറാണെന്ന് നാല് മന്ത്രിമാർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വതന്ത്ര എം.എൽ.എ. എച്ച്. നാഗേഷ്, കർണാടക പ്രജ്ഞാവന്ത ജനതാപക്ഷ എം.എൽ.എ. ആർ. ശങ്കർ എന്നിവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം സജീവമാണ്. ഇവർക്കും പദവികൾ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. ഇവർ ഇന്ന് തന്നെ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഓപ്പറേഷൻ സേവ് കർണാടക (ഭീഷണിയും അനുനയവും അടങ്ങുന്നത്)

ബി.ജെ.പിയുടെ ഓപ്പറേഷൻ താമര പദ്ധതി തകർക്കാൻ സേവ് കർണാടക എന്ന തന്ത്രമാണ് കർണാടകയിൽ കോൺഗ്രസ് പുറത്തെടുത്തത്. ഏത് വിധേനയും സർക്കാരിനെ പിടിച്ച് നിറുത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശവുമായി കർണാടകയിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഓപ്പറേഷൻ സേവ് കർണാടകയ്‌ക്ക് ചുക്കാൻ പിടിച്ചു. മല്ലികാർജുൻ ഖാർഗെ ‌ഡൽഹിയിലിരുന്ന് കാര്യങ്ങൾ നിരീക്ഷിച്ചപ്പോൾ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ.ശിവകുമാറും കളത്തിൽ ഇറങ്ങിക്കളിച്ചു. അട്ടിമറിയിലൂടെ ബി.ജെ.പി ഭരണം പിടിച്ചാൽ സുപ്രീം കോടതിയിൽ നിയമപരമായി നേരിടാൻ ഡൽഹിയിൽ അഭിഭാഷ സംഘത്തെയും സജ്ജമാക്കിയിരുന്നു. ബി.ജെ.പി അനുകൂല നിലപാടെടുത്താൽ പിന്നെ സംസ്ഥാനത്ത് രാഷ്ട്രീയ ഭാവിയുണ്ടാകില്ലെന്ന് വിമത എം.എൽ.എമാർക്ക് ഭീഷണി. വഴങ്ങിയില്ലെങ്കിൽ വീട് വളയാൻ പ്രവർത്തകർക്ക് നിർദ്ദേശം. തിരഞ്ഞെടുപ്പ് വിലക്ക് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം.എൽ.എമാർക്ക് നിയമം സംബന്ധിച്ച ക്ലാസുകളും നിരന്തരം നൽകി. ചില എം.എൽ.എമാർക്ക് പണം വാഗ്‌ദ്ധാനം ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.