mani

കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലൻസ് വ്യക്തമാക്കി. ഹെെക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. തുടരന്വേഷണത്തിനെതിരായ മുൻ മന്ത്രി കെ.എം മാണി സമർപ്പിച്ച ഹർജിയിലാണ് റിപ്പോർട്ട്. കേസ് റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് മാണി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കേസിൽ കക്ഷി ചേർന്ന വി.എസ് അച്യുതാനന്ദൻ ബാർ കോഴക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

കുറ്റവിമുക്തനാക്കണമെന്ന കെ.എം മാണിയുടെ ആവശ്യം തള്ളണമെന്നും വി.എസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബാർ കോഴക്കേസിൽ കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നൽകിക്കൊണ്ട് വിജിലൻസ് മൂന്നു തവണ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. അതേസമയം നിഷ്‌പക്ഷവും സുതാര്യവുമായിരുന്നു ഇതുവരെയുള്ള കേസന്വേഷണമെന്ന് വിജിലൻസ് വ്യക്തമാക്കി.

ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി തേടണമെന്ന വിജിലൻസ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ വി.എസ്. അച്യുതാനന്ദൻ കഴിഞ്ഞ മാസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാർകോഴക്കേസ് ആരംഭിച്ച ശേഷമാണ് അഴിമതി നിരോധന നിയമത്തിൽ വെള്ളം ചേർത്ത് കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തിയത്. വി.എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണവും അതേത്തുടർന്നുണ്ടായ റിപ്പോർട്ടുമാണ് വിജിലൻസ് കോടതി പരിഗണിച്ചത്. അതിനാൽ ഈ കേസിൽ താൻ മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അനുമതി തേടേണ്ടത് അന്വേഷണ ഏജൻസിയാണെന്നും കാണിച്ച് വി.എസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.