historic-victory-for-kera

കൃഷ്ണഗിരി (വയനാട്): കേരളത്തിന്റെയും ബേസിൽ തമ്പിയുടേയും കളിവീര്യത്തിന് മുന്നിൽ ഗുജറാത്തിന്റെ ഉരുക്കുവാതിലുകൾ തകർന്നുവീണപ്പോൾ വയനാട്ടിലെ കൃഷ്‌ണഗിരി മൈതാനത്ത് മലയാളിക്കൂട്ടത്തിന് ചരിത്ര നേട്ടം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെ 113 റൺസിന് തോൽപ്പിച്ച് കേരള ടീം ചരിത്രത്തിലാദ്യമായി സെമിയിൽ കടന്നു.അഞ്ച് വിക്കറ്റെടുത്ത് ഗുജറാത്ത് ബാറ്റിംഗിന്റെ മുനയൊടിച്ച ബേസിൽ തമ്പിയാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ബേസിൽ തമ്പി തന്നെയാണ് മാൻ ഒഫ് ദ മാച്ച്. ഇതിനോടൊപ്പം സന്ദീപ് വാര്യയുടെ പ്രകടനവും നിർണായകമായി. വയനാടിൽ വച്ച് തന്നെ നടക്കുന്ന സെമിയിൽ ഡേവ് വാറ്റ്മോറിന്റെ ചുണകുട്ടികൾ വിദർഭയെ നേരിടുമെന്നാണ് കരുതുന്നത്.

ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ആൾ ഒൗട്ടായ കേരളം ഇന്നലെ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 ൽ അവസാനിപ്പിച്ചതോടെയാണ് കളി ആവേശജനകമായത്. 23 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റൺസിന് വീണ്ടും ആൾ ഒൗട്ടായി. ഇതോടെയാണ് സന്ദർശകർക്ക് വിജയലക്ഷ്യമായി 195 റൺസ് കുറിക്കപ്പെട്ടത്. എന്നാൽ 195 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്ത് ടീമിന്റെ എല്ലാ വിക്കറ്റുകളും 81 റൺസ് എടുക്കുന്നതിനിടെ നഷ്‌ടമായി. മത്സരം ഒരു ദിവസം ശേഷിക്കെയാണ് കേരളത്തിന്റെ തകർപ്പൻ വിജയമെന്നതും ശ്രദ്ധേയമായി.

മൂന്ന് ഇന്ത്യൻ താരങ്ങൾ അടങ്ങിയ ഗുജറാത്ത് ടീമിനെ പേസർമാരുടെ മികവിലാണ് കേരളം എറിഞ്ഞിട്ടത്. പേസർമാരുടെ പറുദീസയെന്ന് അറിയപ്പെടുന്ന കൃഷ്‌ണഗിരി മൈതാനത്ത് സിജോമോൻ ജോസഫിന്റെ (56), അർദ്ധസെഞ്ച്വറിയും ജലജ് സക്‌‌സേന (44 നോട്ടൗട്ട്)യുടെ പ്രകടനവും കേരളത്തിന്റെ വിജയത്തിന് നിർണായകമായി.

സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81