novel

വിജയ, റോഡ് സൈഡിൽ ഇരുന്നു. റാന്നി ഭാഗത്തുനിന്നു വരുന്ന ഒരു തീക്കണ്ണു കണ്ടു...
ബുള്ളറ്റ് ബൈക്കാണ്.
അവശയായതുപോലെ വിജയ എഴുന്നേറ്റു കൈകാണിച്ചു.
ബൈക്കിൽ ഒരാളേ ഉണ്ടായിരുന്നുള്ളൂ.


അയാൾ അവളെ കടന്ന് പത്തു മീറ്ററോളം മുന്നോട്ടുപോയി. പിന്നെ 'റ' പോലെ ബൈക്കു തിരിച്ച് അവൾക്കരികിൽ മടങ്ങിയെത്തി.
''എന്താ..?'
''ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥയാണ്. പേര് വിജയ. എന്നെ ചിലർ ആക്രമിച്ചു. ചത്തെന്നു കരുതി ഇവിടെ ഇട്ടതാവാം... ഒന്ന് ഹോസ്പിറ്റലിൽ പോകാൻ സഹായിക്കാമോ?'


ബൈക്കിൽ ഇരുന്നയാൾ ഒരു നിമിഷം ചിന്തിച്ചു.
''സഹായിച്ചാൽ അത് പിന്നെ എനിക്ക് പൊല്ലാപ്പാകുമോ.. പോലീസും കോടതിയും എന്നൊക്കെ പറയുമ്പോൾ...'
''ഒരിക്കലുമില്ല. പ്ലീസ്...'


''ബൈക്കിൽ കയറാമോ. ദേ. തൊട്ടടുത്ത് ഹോസ്പിറ്റലാണ്.' അയാൾ മുന്നോട്ടു കൈ ചൂണ്ടി.
''കയറാം.'
അവൾ ബൈക്കിനു പിന്നിൽ കയറി. ബുള്ളറ്റ് നീങ്ങി.


ബൊലോറോയിൽ എസ്.ഐമാർ അതിനു പിന്നാലെ മെല്ലെ പോയി...
ബൈക്ക് മുത്തൂറ്റ് ഹോസ്പിറ്റലിന്റെ എമർജൻസി ഭാഗത്തേക്കു തിരിയുന്നതു കണ്ടു.
ബിന്ദുലാൽ ബൊലോറോ നേരെ ടൗണിലേക്ക് ഓടിച്ചുപോയി...


പുലർച്ചെ 4 മണി.
പത്തനംതിട്ട.


റെയ്ഞ്ച് റോവർ കാർ മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ വീടിനു മുന്നിൽ ബ്രേക്കിട്ടു.
അതിൽനിന്ന് സ്പാനർ മൂസയും വിക്രമനും സാദിഖും ആദ്യം ഇറങ്ങി.


മൂസ പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് വീടിന്റെ വാതിൽ തുറന്നു.
പിന്നെ അകത്തു കയറി ലൈറ്റു തെളിച്ചിട്ട് മറ്റുള്ളവരോടു പറഞ്ഞു:
''വേഗം കൊണ്ടുവാ.'


വിക്രമനും സാദിഖും ചേർന്ന് പഴവങ്ങാടി ചന്ദ്രനെ പിൻസീറ്റിൽ നിന്നു വലിച്ചിറക്കി.
അയാൾക്ക് നടക്കാൻ കഴിയുമായിരുന്നില്ല. കാലുകൾ നീരുവന്ന് വീർത്തിരുന്നു.
അവർ ചന്ദ്രനെ അകത്തേക്കു വലിച്ചുകയറ്റി.
മൂസ പെട്ടെന്നു വാതിലടച്ചു.


ഇനി ചന്ദ്രനെ തിരുവനന്തപുരത്ത് സൂക്ഷിച്ചാൽ അപകടമാണെന്ന രാഹുലിന്റെ തിരിച്ചറിവാണ് അയാളെ ഇങ്ങോട്ടു കൊണ്ടുവരുവാൻ കാരണം.
മുഖ്യമന്ത്രിയോട് വിലപേശാൻ ചന്ദ്രൻ ജീവിച്ചിരിക്കേണ്ടതും ആവശ്യമായിരുന്നു.


തന്റെ വീട്ടിൽ ചന്ദ്രനെ ഒളിപ്പിക്കുമെന്ന് ആരും ചിന്തിക്കുക പോലും ചെയ്യില്ലെന്നും അവന് ഉറപ്പുണ്ടായിരുന്നു.
ചന്ദ്രനെ വീടിന്റെ പിൻഭാഗത്തുള്ള ഒരു മുറിയിലേക്കാണ് മൂസയും കൂട്ടരും കൊണ്ടുപോയത്.


അതൊരു കിടപ്പുമുറിയായിരുന്നു. അവിടത്തെ അടുക്കളക്കാരി കിടന്നിരുന്ന മുറി.
ഒരു കട്ടിലും പഴയ അലമാരയും മാത്രമേ അതിനുള്ളിൽ ഉണ്ടായിരുന്നുള്ളു.


ചന്ദ്രനെ അവർ കട്ടിലിന്റെ തലയ്ക്കൽ തറയിൽ മലർത്തി കിടത്തി. അയാൾ കാര്യം മനസ്സിലാകാതെ അവരെ തുറിച്ചു നോക്കി. വായ്ക്കു മുകളിൽ സെല്ലോടേപ്പ് ഒട്ടിച്ചിരിക്കുകയായിരുന്നതിനാൽ ഒന്നും ചോദിക്കാനും കഴിഞ്ഞില്ല.


പക്ഷേ ആ നോട്ടത്തിന്റെ അർത്ഥം സ്പാനർ മൂസയ്ക്കു മനസ്സിലായി. അയാൾ ക്രൂരമായി ചിരിച്ചു.


''നിന്നെ ഇവിടെ സുഖവാസത്തിനു കൊണ്ടുവന്നതാടാ ചന്ദ്രാ. തിരുവനന്തപുരത്ത് നീ ഒരുപാട് അർമാദിച്ചു നടന്നതല്ലേ... ഇനി അല്പം വിശ്രമം നിന്റെ ശരീരത്തിന് ആവശ്യമാ... ഇത്രയും നാൾ ചെയ്തതൊക്കെ ഓർത്തോർത്ത് സന്തോഷത്തോടെ ചിലവഴിക്കാൻ കുറച്ചു ദിവസങ്ങൾ...'


മൂസ തിരിഞ്ഞ് വിക്രമനെയും സാദിഖിനെയും നോക്കി കണ്ണുകൊണ്ട് ഒരടയാളം കാണിച്ചു. പിന്നെ അയാൾ കട്ടിലിന്റെ ക്രാസിയിൽ പിടിച്ച് മുകളിലേക്കുയർത്തി.
കട്ടിലിന്റെ ശിരസ്സുഭാഗം ഉയർന്നു..


വിക്രമനും സാദിഖും, ചന്ദ്രന്റെ കൈകൾ മലർത്തി കട്ടിലിന്റെ കാലുകൾക്ക് അടിയിലേക്കു വച്ചു.
ആ ക്ഷണം മൂസ കട്ടിലിലെ പിടിവിട്ടു.


തടിക്കാലുകൾ ശക്തിയിൽ ചന്ദ്രന്റെ കൈപ്പത്തികളിൽ വീണു.
തലയിൽ അടിയേറ്റ പാമ്പിനെപ്പോലെ ചന്ദ്രൻ കിടന്നു പുളഞ്ഞു.
''ഇത്, ഇതുവരെ ആരും ചെയ്യാത്ത ഒരു കലാപരിപാടിയാടാ..'
പറഞ്ഞതും മൂസ കട്ടിലിൽ ഇരുന്നു. ഭാരം കൂടിയപ്പോൾ ചന്ദ്രന്റെ കൈപ്പത്തികൾ വീണ്ടും ചതഞ്ഞു....(തുടരും)