ന്യൂഡൽഹി: ശബരിമല ദർശനം നടത്തിയ യുവതികളായ ബിന്ദുവും കനക ദുർഗയും ജീവന്സുരക്ഷ തേടി സുപ്രീംകോടതിയിൽ. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇവർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ശബരിമല ദർശനത്തിന് പിന്നാലെ ഇരുവർക്കും ജീവന് ഭീഷണി ഉണ്ടെന്നാണ് യുവതികളുടെ വാദം. അതിനാൽ മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഈ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുർഗയുടെയും അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസ് നാളെ തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദർശനത്തിന് പിന്നാലെ ഇരുവർക്ക് നേരെയുണ്ടായ ആക്രമങ്ങളും മറ്റ് സുരക്ഷാ ഭീഷണിയെയും വിശദീകരിച്ചു കൊണ്ടുള്ള ഹർജിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് ഇപ്പോൾ കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇരുവരും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.