ശബരിമല: കൂടുതൽ യുവതികൾ ദർശനത്തിന് എത്തുമെന്ന സൂചനയെ തുടർന്ന് സന്നിധാനത്തും പമ്പയിലും കർമ്മ സമിതി പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ കനത്ത ജാഗ്രതയിൽ. ഇന്നലെ പൊളിഞ്ഞ പൊലീസ് തിരക്കഥയെ തുടർന്ന് യുവതികളെ പ്രവേശിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. പൊലീസ് മലയിറക്കിയതിനെ തുടർന്ന് ദർശനം ലഭിക്കാതെ ഇന്നലെ മടങ്ങേണ്ടിവന്ന രേഷ്മ നിശാന്തും, ഷാനില സജേഷും ദർശനം നടത്തിയേ വ്രതം അവസാനിപ്പിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിനിടെ പൊലീസ് അസോസിയേഷന്റെ രണ്ട് ഭാരവാഹികൾ മരക്കൂട്ടത്ത് ക്യാമ്പ് ചെയ്യുന്നതായി വിവരമുണ്ട്. ഇവർ ഇന്നലെ വൈകിട്ട് മരക്കൂട്ടത്തെ ഒരു ഹോട്ടലിൽ ആഹാരം കഴിക്കുന്ന ദൃശ്യങ്ങൾ ചില ചാനലുകൾക്ക് ലഭിച്ചിട്ടുണ്ട്. യുവതികളെ വീണ്ടും കൊണ്ടുവരുന്നതിനുള്ള തന്ത്രം മെനയലാണ് ഇതിന് പിന്നിലെന്നും അറിയുന്നു.
ജനുവരി 2 ന് ആക്ടിവിസ്റ്റുകളായ അഡ്വ.ബിന്ദു, കനകദുർഗ എന്നിവരെ സന്നിധാനത്ത് എത്തിച്ച അതേ ശൈലി തുടരുമെന്ന സൂചനയെ തുടർന്നാണ് സംഘപരിവാർ ജാഗ്രത വർദ്ധിപ്പിച്ചത്. ദർശനത്തിന് ഇനി രണ്ട് ദിവസം കൂടി മാത്രമേയുള്ളൂ. അതിനിടയിൽ യുവതികൾ എത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
ഇതിനിടെ പമ്പ, സന്നിധാനം മേഖലകളിലുള്ള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഇൗ ശൈലിയിൽ കനത്ത പ്രതിഷേധമുണ്ട്. മകരവിളക്ക് കാലഘട്ടം വലിയ പ്രശ്നങ്ങൾ ഇല്ലാതെ കടന്നുപോയതിന്റെ ആശ്വാസത്തിൽ കഴിയവേയാണ് ഇന്നലെ മഫ്‌തി പൊലീസ് യുവതികളുമായി മലകയറ്റത്തിന് എത്തിയത്. ഇത് തീർത്ഥാടന കാലഘട്ടത്തിന്റെ അവസാന നിമിഷം അലങ്കോലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.