ksrtc

തിരുവനന്തപുരം: ഒരു ദിവസം ഒരുകോടി രൂപ വരുമാനം ലക്ഷ്യമിടുന്ന ബൃഹത്തായ പദ്ധതി കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുമെന്ന് എം.ഡ‌ി ടോമിൻ തച്ചങ്കരി 'ഫ്ളാഷി'നോട് പറഞ്ഞു. ഇക്കഴിഞ്ഞ 10 ന് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പദ്ധതി ലക്ഷ്യം കാണുന്നതോടെ ഗ്രാമീണ മേഖലയിലടക്കം പുതിയ സർവീസുകൾ ആരംഭിക്കും. ഇതോടെ പണിയെടുക്കാതെ കാശുവാങ്ങുന്നവർ പോലും ഡ്യൂട്ടിയ്ക്കിറങ്ങേണ്ടിവരും. ജോലിചെയ്യാതെ യൂണിയൻ പ്രവർത്തനം മാത്രം നടത്തി സ്ഥാപനത്തെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ചിലർക്കും ഡ്യൂട്ടി ചെയ്യേണ്ടിവരും.

പുതിയ പദ്ധതി നടപ്പിലാകുന്നതോടെ മൂന്ന് ദിവസം പേരിന് മാത്രം ജോലിയ്ക്കിറങ്ങിയിട്ട് നാലുദിവസം മറ്റ് ജോലികൾ ചെയ്യുന്ന ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. ഇതാണ് ഇപ്പോൾകാണുന്ന സമരഭീഷണികൾക്ക് പിന്നിലെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലാണെന്നും അത് ഉയർന്നുവരാൻ കഠിനപരിശ്രമം നടത്തുന്തോറും കൂടുതൽ തകർച്ചയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നത് ചില യൂണിയൻ നേതാക്കളുടെ ഗൂഢലക്ഷ്യമാണെന്നും തച്ചങ്കരി പറ‌ഞ്ഞു. കെ.എസ്.ആർ.ടി.സി അതിന്റെ എല്ലാവിധ അവശതകളിൽനിന്നും കരകയറുന്ന സമയമാണിത്. ഒരുവശത്ത് അതിനെ ലാഭത്തിലാക്കാൻ കുറേയധികം ആളുകൾ നെട്ടോട്ടമോടുമ്പോൾ മറുവശത്ത് വീണ്ടും താഴേക്ക് തള്ളിയിടാൻ വേറെ ഒരുകൂട്ടം സ്വാർ‌ത്ഥതാത്പര്യക്കാർ കൂടി ശ്രമിച്ചാലോ എന്നും തച്ചങ്കരി പറഞ്ഞു.

ഒരുദിവസം, ഒരുകോടി പദ്ധതി

പദ്ധതിയനുസരിച്ച് ഓരോ എട്ട് ബസുകളുടെയും ചുമതല ഓരോ ഇൻസ്പെക്ടർമാർക്ക് നൽകും. അതിന്റെ റൂട്ട് പ്ലാനിംഗ്, നിയമനം, വരുമാനം, യാത്രക്കാരുടെ പരാതികൾക്ക് പരിഹാരം , അറ്റകുറ്റപ്പണി തുടങ്ങിയവയും അവരുടെ ചുമതലയാകും. ആളില്ലാത്ത സർവീസുകൾ നടത്തുന്നത് നിറുത്തലാക്കുക, സർവീസുകൾ റദ്ദാക്കിയാൽ കുറ‌ഞ്ഞത് ആറ് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരെ വിവരം അറിയിക്കുക, ഓടാതെ കിടക്കുന്ന ബസുകൾക്ക് ആദായകരമായ പുതിയ റൂട്ടുകൾ കണ്ടെത്തുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സർവീസുകൾ റദ്ദാക്കിയാൽ നഷ്ടപരിഹാരം അവരിൽനിന്ന് ഈടാക്കുക തുടങ്ങിയ പരിഷ്കാരങ്ങൾ പദ്ധതിയുടെ ഭാഗമാണ്.