odisha

ഒഡീഷ: കീഴ്ജാതിയായത് കാരണം ഗ്രാമവാസികളാരും സഹായിക്കാത്തതിനാൽ അമ്മയുടെ മൃതദേഹം മകൻ സംസ്‌കരിക്കാൻ കൊണ്ടുപോയത് സെെക്കിളിൽ കെട്ടിവച്ച്. ഒഡീഷയിലെ കർപബഹൽ ഗ്രാമത്തിലാണ് സംഭവം. അയൽക്കാരോടും ബന്ധുക്കളോടും സരോജ് മാതാവിനെ സംസ്‌ക്കരിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല. തുടർന്നാണ് മൃതദേഹം സൈക്കിളിൽ കൊണ്ടുപോകേണ്ടി വന്നത്.

വെള്ളമെടുക്കാൻ പോയപ്പോൾ കുളത്തിൽ വീണാണ് നാൽപ്പത്തഞ്ചുകാരിയായ ജാനകി സിൻഹാനിയ മരിച്ചത്. ഭർത്താവിന്റെ മരണത്തിന് ശേഷം മകൻ സരോജിനും മകൾ ബിനിതയ്‌ക്കുമൊപ്പം കർപബഹറിലേയ്‌ക്ക് മാറി താമസിക്കുകയായിരുന്നു. പത്ത് വർഷമായി ഇവർ ഈ ഗ്രാമത്തിലാണ് താമസിക്കുന്നത്. താഴ്ന്ന ജാതിക്കാരിയെന്ന കാരണത്താൽ ജാനകിയുടെ മൃതദേഹം തൊടാൻ പോലും ഗ്രാമീണരാരും തയ്യാറായില്ല.

ഇതോടെ അമ്മയെ സൈക്കിളിൽ കെട്ടിവച്ച് നാല് കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് കൊണ്ടുപോയി സംസ്‌ക്കരിക്കാൻ സരോജ് നിർബന്ധിതനാവുകയായിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ജർസുഗുഡ ജില്ലാ കളക്‌ടർ പ്രതികരിച്ചത്. അതേസമയം, ഇപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്‌ടർ അറിയിച്ചു.