highcourt

കൊച്ചി: കൊടുവള്ളി മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന രീതിയിൽ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ എതിർ സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിലെ എ.എ.റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത മുസ്‌ലിം ലീഗ് ഇത്തരമൊരു വിധി പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം, വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. സുപ്രീം കോടതിയിൽ പോകുന്നതിന് സാവകാശം ലഭിക്കാൻ സ്‌റ്റേ അനുവദിക്കണ കാരാട്ട് റസാഖിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് കോടതി 30 ദിവസത്തെ സ്‌റ്റേ അനുവദിച്ചത്. കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാമെങ്കിലും വോട്ടവകാശം ഉണ്ടാകില്ല. എന്നാൽ നിയമസഭാ പ്രതിനിധി എന്ന നിലയിലുള്ള ആനുകൂല്യങ്ങളും ശമ്പളവും കാരാട്ട് റസാഖിന് ലഭിക്കില്ല.

കൊടുവള്ളി പഞ്ചായത്തിലെ വാർഡ് മെമ്പറായിരുന്ന എ.എ.റസാഖ് ഒരു ഉപഭോക്താവിന്റെ തുക തട്ടിയെടുത്തെന്ന പേരിൽ പ്രചരിച്ച വീഡിയോയ്‌ക്കെതിരെയാണ് മണ്ഡലത്തിലെ രണ്ട് വോട്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരമൊരു വീഡിയോ തങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കാരാട്ട് റസാഖിന്റെ അഭിഭാഷകൻ വാദിച്ചത്. പക്ഷേ കാരാട്ട് റസാഖിന്റെ പ്രചാരണ വാഹനം ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ച ദൃശ്യങ്ങൾ തെളിവായി ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എതിർകക്ഷികൾ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതായും തിരഞ്ഞെടുപ്പ് കണക്കിൽ വീഡിയോ നിർമിച്ചത് കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം തിരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, കേസിന് പിന്നിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നും തന്റെ നിരപരാധിത്വം സുപ്രീം കോടതിയിൽ തെളിയിക്കുമെന്നും കാരാട്ട റസാഖ് പ്രതികരിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുയാണ്. തുടർ നടപടികൾ ഇടത് മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.