ഇന്ത്യൻ ജനാധിപത്യത്തിലെ പൗരോഹിത്യവാഴ്ചയുടെ പുനർജന്മമാണ് 2019 ജനുവരി ഒൻപതാം തീയതി സാമ്പത്തിക സംവരണം ഭരണഘടനയുടെ ഭാഗമാക്കി മാറ്റാനുള്ള നിയമഭേദഗതി. ഭരണഘടനാശില്പികൾ വളരെ വലിയ കാഴ്ചപ്പാടോടുകൂടി സാമൂഹ്യനീതിയും സ്ഥിതിസമത്വവുമാണ് ഒരു ജനതയുടെ നിലനിൽപ്പിന്റെ ആധാരം എന്നും അതിനുള്ള ഏകപോംവഴി എന്ന നിലയിലാണ് സംവരണത്തെ ദർശിച്ചതും അത് ഭരണഘടനാദത്തമാക്കിയതും. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് ഭരണപങ്കാളിത്തം ജനസംഖ്യാനുപാതികമായി ഉറപ്പാക്കുക എന്നുള്ളത് തന്നെയാണ് സംവരണത്തിലൂടെ ലക്ഷ്യമിട്ടത്. ഭരണത്തിൽ പങ്കാളിത്തം ലഭിച്ചിട്ടില്ലാത്തവർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുമ്പോൾ ഈ സംവരണം ഇല്ലാതാവുകയും ചെയ്യും. ഇത്രയും കൃത്യതയോടും വ്യക്തതയോടും കൂടിയാണ് സംവരണം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.
അതിനുശേഷം പല സന്ദർഭങ്ങളിലും പല സംസ്ഥാനങ്ങളും കേന്ദ്രസഹായത്തോടും അല്ലാതെയും സാമുദായിക സംവരണത്തെ അട്ടിമറിച്ചുകൊണ്ട് സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം തന്നെ സുപ്രീംകോടതി അത് അനുവദിച്ചിട്ടില്ല. അത്രയും ശക്തവും ബലവത്തുമായിരുന്നു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ നിയമം. ഇനി ഭരണത്തിന്റെ പങ്കാളിത്തത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് സംവരണത്തിൽ പൊളിച്ചെഴുത്ത് നടത്തുന്നതിനു വേണ്ടി 2000-ൽ ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷനെ കേരള സർക്കാർ നിയമിക്കുകയും 2002-ൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആ കമ്മിഷൻ റിപ്പോർട്ടിൽ 27 ശതമാനം വരുന്ന ഈഴവ സമുദായാംഗങ്ങൾക്ക് സർക്കാർ സർവീസിൽ 14 ശതമാനം സംവരണം ഉൾപ്പടെ 19.03 ശതമാനം മാത്രമാണ് പ്രാതിനിധ്യം ലഭിച്ചിട്ടുള്ളത്. അതായത് സംവരണം ഒഴിവാക്കിയാൽ 5.03 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ഇത് പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണപങ്കാളിത്തത്തിൽ മതിയായ പ്രതിനിധ്യം സംവരണം ലഭിച്ചിട്ടുപോലും ഇല്ല എന്നാണ് കാണിക്കുന്നതെന്നും, അടിയന്തരമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഈ കുറവ് പരിഹരിക്കണമെന്നും കമ്മിഷൻ പ്രത്യേകം നിർദ്ദേശിച്ചു.
എന്നാൽ 17 വർഷമായിട്ടും ഈ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്രസർവീസിൽ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങളിൽ 27 ശതമാനം സംവരണം അനുവദിക്കാനുളള മണ്ഡൽകമ്മിഷൻ ശുപാർശ നടപ്പിലാക്കി രണ്ടരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും 27 ശതമാനം ഒ.ബി.സി. സംവരണം ഒരു വകുപ്പിലും സ്ഥാപനത്തിലും ഉറപ്പാക്കിയിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മന്ത്രാലയങ്ങളിലെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരിൽ പിന്നാക്ക പ്രാതിനിധ്യം 17 ശതമാനം മാത്രം. ഗ്രൂപ്പി ബി യിലും ഗ്രൂപ്പ് ഡിയിലും 11 ശതമാനം മാത്രമാണ് പിന്നാക്ക പ്രാതിനിധ്യം. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിലെ 503 ഗ്രൂപ്പ് എ ഉദ്യോഗസ്ഥരിൽ 25പേർ മാത്രമാണ് പിന്നാക്ക വിഭാഗക്കാർ.കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലായി പിന്നാക്ക വിഭാഗങ്ങൾക്കുള്ള 11797 ഒഴിവുകൾ ഇപ്പോഴും നികത്താനുമുണ്ട്. 82 ശതമാനം വരുന്ന ഇൻഡ്യയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വളരെയേറെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നം യാതൊരു തരത്തിലുമുള്ള പഠനവും നടത്താതെ ഭരണത്തിന്റെ കാലാവധി കഴിയാൻ കുറച്ചു ദിവസങ്ങൾ മാത്രമുള്ളപ്പോൾ അതും പാർലമെന്റിന്റെ അവസാന ദിവസം വളരെ ധൃതിപിടിച്ച് നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഇൻഡ്യയിലെ സവർണവിഭാഗത്തിന്റെ സർവാധിപത്യത്തിനുള്ള കുടപിടിക്കലാണ്. യഥാർത്ഥത്തിൽ മുന്നാക്ക വിഭാഗങ്ങൾക്ക് ഭരണ പങ്കാളിത്തത്തിൽ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിനെക്കാൾ എത്രയോ കൂടുതൽ ലഭിച്ചിട്ടുണ്ട് എന്നുള്ളത് ദേവസ്വംബോർഡിന്റെ കണക്കുകൾ അടക്കം സാക്ഷ്യപ്പെടുത്തുന്നു. 18ശതമാനം വരുന്ന മുന്നോക്ക വിഭാഗത്തിന്റെ വോട്ടുകൾക്കുവേണ്ടി 82 ശതമാനം വരുന്ന പിന്നാക്കക്കാരന്റെ വലിയ സ്വപ്നങ്ങൾക്ക് മരണമണി മുഴക്കലാണ് ഈ ഭരണഘടനാ ഭേദഗതി.
യഥാർത്ഥത്തിൽ അധികാരത്തിന്റെ പങ്കാളിത്തമില്ലാത്ത വിഭാഗത്തെ അധികാരത്തിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയാണ് വേണ്ടിയിരുന്നത്. അധികാരം അർഹതപ്പെട്ടവർക്ക് വിട്ടുനൽകാത്തവരെ സംരക്ഷിക്കുന്നത് ജനാധിപത്യത്തിന്റെ ഏത് അളവുകോൽ വച്ച് പരിശോധിച്ചാലും അധാർമ്മികവും നീതിനിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയ്ക്ക് നിരക്കാത്ത ക്രിമിലയർ വ്യവസ്ഥ കൊണ്ടുവന്നത് പിന്നാക്ക വിഭാഗങ്ങളെ അധികാര പങ്കാളിത്തത്തിൽ നിന്നും അകറ്റി നിറുത്തുന്നതിനു വേണ്ടിയാണ്. ക്രിമിലയർ വ്യവസ്ഥ കൊണ്ട് എന്ത് സംഭവിച്ചു എന്ന് ചിന്തിച്ചാൽ യോഗ്യത ഉണ്ടായിരുന്നവർക്ക് അർഹതയില്ലാത്ത അവസ്ഥയും അർഹത ഉണ്ടായിരുന്നവർക്ക് യോഗ്യത ഇല്ലാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. പിന്നാക്കക്കാരന്റെ അധികാര പങ്കാളിത്തം തടയുന്നതിന് ഭരണസിരാകേന്ദ്രത്തിൽ സ്വാധീനമുള്ള സവർണനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കൗശലമായിരുന്നു ക്രിമിലെയർ വ്യവസ്ഥ നടപ്പാക്കൽ.
സാമ്പത്തിക സംവരണത്തെ എതിർക്കുന്നതുകൊണ്ട് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സഹായം നൽകുന്നതിന് ഞങ്ങൾ എതിരാണ് എന്നല്ല. 18 ശതമാനം വരുന്ന മുന്നാക്കക്കാരിൽ കേവലം നാമമാത്രമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നത്. അവർക്ക് ഭരണഘടനാഭേദഗതി നടത്തിക്കൊണ്ട് 10 ശതമാനം സംവരണം കൊടുക്കാനുള്ള തീരുമാനത്തെയാണ് എതിർക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവരെ സഹായിക്കേണ്ടത് സാമ്പത്തിക ഉന്നമന പദ്ധതികളിലൂടെയാണ്. അത്തരം പദ്ധതികൾ ആവിഷ്കരിക്കുകയും അതിന് ആവശ്യമുള്ള തുക വകകൊള്ളിച്ച് വിവിധക്ഷേമ പദ്ധതികളിലൂടെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സഹായം നൽകുക എന്നുള്ളതുകൊണ്ട് ആർക്കും ഒരെതിർപ്പും ഉണ്ടാകുകയില്ല. എന്നാൽ ഇവിടെ നാമമാത്രമായ മുന്നാക്കക്കാർക്ക്, പിന്നാക്കക്കാരന്റെ പേരിൽ എട്ട് ലക്ഷം രൂപ പ്രതിവർഷം വരുമാനമുള്ള ഏകദേശം 2250/- പ്രതിദിനം വരുമാനമുള്ളവരെ സംവരണത്തിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുന്നത് മുന്നാക്ക ജാതിക്കുള്ള സംവരണമാണ്.
സംവരണം എന്നതുകൊണ്ട് ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്യുന്നത് സാമ്പത്തിക പരാധീനതകൾ പരിഹരിക്കുന്നതിനോ തൊഴിൽ ഉറപ്പുവരുത്തുന്നതിനോ ലക്ഷ്യമിട്ടുള്ള പരിപാടിയല്ല. മറിച്ച് അവസരങ്ങളിലും പദവികളിലും തുല്യത ഉണ്ടാവുകയും വിവേചനം അവസാനിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളും സോദരത്വേന വാഴുന്ന ഒരു വ്യവസ്ഥിതിയെക്കുറിച്ചാണ് സ്വപ്നം കണ്ടത്. ആ സ്വപ്നങ്ങളെയാണ് ഇവിടെ കുഴിച്ചുമൂടുന്നത്.
(യോഗനാദം ജനുവരി 16 ലക്കത്തിലെ മുഖപ്രസംഗം)