ജാതിമത ലിംഗഭേദമില്ലാതെ ആചാരനിഷ്ഠയോടെ കോടിക്കണക്കിന് വിശ്വാസികൾ ശരണം തേടുന്ന പുണ്യഭൂമിയായ ശബരിമല നിരവധി ആരാധനാലയങ്ങളിൽനിന്ന് സവിശേഷതകളാൽ വേറിട്ടുനിൽക്കുന്നു. ഭഗവാനും ഭക്തനും ഒന്നായി മാറുന്ന 'തത്ത്വമസി' എന്ന സങ്കല്പത്തിലധിഷ്ഠിതമാണ് ശബരിമല. ശബരിമലയിൽ പ്രായഭേദമെന്യേസ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യവഹാരങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
1991 ഏപ്രിലിലാണ് യുവതി പ്രവേശനം നിരോധിച്ചുള്ള കേരള ഹൈക്കോടതി വിധി വരുന്നത്. യുവതീപ്രവേശനം ആചാരത്തിനെതിരും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു കോടതിവിധി. വിദ്യാസമ്പന്നരായ സ്ത്രീസമൂഹവും ഇടതുപക്ഷ നിരീശ്വരവാദികളുമുള്ള കേരളത്തിൽനിന്നും വർഷങ്ങളോളം ചോദ്യംചെയ്യപ്പെടാതിരുന്ന ഹൈക്കോടതിവിധിക്കെതിരെ 2006 ജൂലൈ 28 നാണ് യംഗ് ലായേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന സംഘടന സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അന്നത്തെ എൽ.ഡി.എഫ് സർക്കാർ 2007 നവംബർ 13 ന് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരാതിക്കാരന്റെയും ഹർജിക്കാരന്റെയും (സംസ്ഥാന സർക്കാരിന്റെയും) നിലപാട് ഈ കേസിൽ തുടക്കംമുതൽ ഒന്നായിരുന്നുവെന്ന് ഇതിൽനിന്നും വ്യക്തമാണ്. ഇന്ന് ആചാരത്തിന്റെ പേരിൽ കലാപമുണ്ടാക്കുന്ന ആരും കേസിൽ കക്ഷി ചേരുകയോ, എതിർക്കുകയോ ചെയ്തിട്ടുമില്ല.
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിൽ അന്നത്തെ സംസ്ഥാനസർക്കാരും ദേവസ്വംബോർഡും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിക്കാൻ നായർ സർവീസ് സൊസൈറ്റി 2008ൽ കക്ഷി ചേരുന്നത്. എട്ടുവർഷങ്ങൾക്കു ശേഷം 2016 ജൂലൈ 11 ന് സുപ്രീം കോടതി കേസ് പരിഗണിച്ചു. അന്ന് ദേവസ്വംവകുപ്പ് മന്ത്രിയായിരുന്ന ഞാൻ യു.ഡി.എഫ് തീരുമാനപ്രകാരം എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മാറ്റമുണ്ടെന്ന് അറിയിക്കാനും അതുപ്രകാരം പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശം നൽകി. യുവതീ പ്രവേശനം നിയന്ത്രിക്കണമെന്ന് തന്നെയായിരുന്നു സത്യവാങ്മൂലം. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2016 നവംബർ ഏഴിന് യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കുകയും യുവതി പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ സത്യവാങ്മൂലമാണ് 2018 സെപ്തംബർ 29 ലെ സുപ്രീംകോടതി വിധിക്ക് ആധാരമായത്. കേരള സർക്കാർ സത്യവാങ്മൂലം നൽകി ചോദിച്ചു വാങ്ങിയതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.
കോടതി വിധി വന്നയുടനെ സർവകക്ഷി യോഗം വിളിക്കാതെ, വിശ്വാസി സമൂഹത്തിന്റെ വികാരം കണക്കിലെടുക്കാതെ, സർക്കാരും ദേവസ്വംബോർഡും വിധി നടപ്പിലാക്കാനെന്ന വ്യാജേന ആക്ടിവിസ്റ്റുകളായ അവിശ്വാസികളെ ശബരിമലയിലെത്തിക്കാനാണ് തിടുക്കം കാണിച്ചത്. ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകതയും പ്രാധാന്യവും പുന:പരിശോധന ഹർജിയിലൂടെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തുന്നതിനുപകരം വിശ്വാസികളെ വെല്ലുവിളിച്ച് യുവതിപ്രവേശനം നടപ്പിലാക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ കേരളത്തിൽ വേരോട്ടമില്ലാതിരുന്ന വർഗീയ ശക്തികൾക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ഇന്ധനം നൽകുകയായിരുന്നു . വികാരം മുറിവേറ്റപ്പോൾ വിശ്വാസികൾ രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധമുയർത്തി. കോൺഗ്രസും, യു.ഡി.എഫും വിശ്വാസികളോടൊപ്പം സമാധാനപരമായി പ്രതിഷേധ സംഗമങ്ങൾ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സംഘം നിലയ്ക്കലും പമ്പയും സന്ദർശിച്ചു. കെ.പി.സി.സി നിയോഗിച്ച പ്രകാരം ഞാനും തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂർ പ്രകാശും ഉൾപ്പെട്ട മൂന്നംഗ സമിതി പ്രളയം തകർത്ത പമ്പയും, സന്നാഹങ്ങളൊരുക്കാത്ത സന്നിധാനവും സന്ദർശിച്ചു.
യുവതിപ്രവേശനം അജണ്ടയാക്കിയ സർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലൂടെ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ഞാൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ നിയമസഭാ കവാടത്തിൽ സാമാജികരായ ഞാനും, പാറയ്ക്കൽ അബ്ദുള്ളയും, എൻ.ജയരാജും 11 ദിവസക്കാലം സത്യാഗ്രഹം അനുഷ്ഠിച്ചു. ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയാറാകാനുള്ള ജനാധിപത്യ മര്യാദ സർക്കാർ കാണിച്ചില്ല. ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും പൊലീസ് സുരക്ഷയോടുകൂടി ശബരിമലയിലെത്തിക്കാൻ ശ്രമിച്ചതുവഴി വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കേരളം കലാപ ഭൂമിയാക്കാനുള്ള അവസരമൊരുക്കി.
ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്ക് കേരള സന്ദർശനവേളയിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിക്കാമായിരുന്നു. സമാധാനപരമായ ഇടപെടലുകളിലൂടെ ആചാര സംരക്ഷണത്തിനാണ് യു.ഡി.എഫ് നേതൃത്വം നൽകിയത്. പുന:പരിശോധനാ ഹർജി സമർപ്പിക്കാൻ മുൻ ദേവസ്വംബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണന് യു.ഡി.എഫ് അനുവാദം നൽകി. പ്രളയംതകർത്ത പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ അത് മൂടിവയ്ക്കാൻ ശബരിമലയിലേക്കുള്ള ഭക്തജന പ്രളയം ഇല്ലാതാക്കാനുള്ള മാർഗമായാണ് പ്രശ്നങ്ങളെ കണ്ടത്.
നവോത്ഥാന കേരളം കുഴിച്ചുമൂടിയ ജാതീയതയെയാണ് സി.പി.എം. വനിതാമതിലിലൂടെ പുറത്തുകൊണ്ടുവരുന്നത്. മതിലുകൾ ഉയരുമ്പോൾ മനസുകൾ അകലുകയാണ്. മിശ്രവിവാഹവും, പന്തിഭോജനവും, ക്ഷേത്ര പ്രവേശന വിളംബരവുമുള്ള നാടിനെ അല്പലാഭത്തിനായി തകർക്കുന്ന തന്ത്രമാണ് ആചാരലംഘനം. ഹിന്ദു സംഘടനകളെ മാത്രം ക്ഷണിച്ച് വനിതാമതിൽ നിർമ്മിച്ചത്, ന്യൂനപക്ഷ സമുദായങ്ങളെ മുഖ്യധാരയിൽനിന്ന് അകറ്റുന്നതും ഭൂരിപക്ഷ - ന്യൂനപക്ഷ വേർതിരിവ് ലക്ഷ്യമിടുന്നതുമാണ്. കേരളത്തിൽ അനാചാരങ്ങൾക്കെതിരെ നവോത്ഥാന ആചാര്യൻമാരായ ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി, മന്നത്ത് പദ്മനാഭൻ എന്നിവരുടെയും ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെയും, മുസ്ലീംക്രിസ്ത്യൻ നാവോത്ഥാന നായകരുടെയും നേതൃത്വത്തിൽ മുന്നേറ്റമുണ്ടായി. അവരാരുംതന്നെ ശബരിമലയിൽ അന്നു നിലവിലുണ്ടായിരുന്ന യുവതി പ്രവേശന നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയർത്തിയില്ല. അനാചാരങ്ങളെയും, ദുരാചാരങ്ങളെയും, ഉച്ചനീചത്വങ്ങളെയുമാണ് നവോത്ഥാന കേരളത്തിൽ നിന്നും ആട്ടിയിറക്കിയത്. അല്ലാതെ ഈശ്വരവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയുമല്ല.
2019 ജനുവരി രണ്ടിന് പുലർച്ചെ ഒരു സർജിക്കൽ സ്ട്രൈക്കിലൂടെ രണ്ട് യുവതികളെ ആചാരം ലംഘിച്ച് ശബരിമലയിൽ പോലീസ് സംരക്ഷണയിൽ പ്രവേശിപ്പിക്കുകവഴി ബോധപൂർവം ആചാരലംഘനം നടത്തുവാനും വിശ്വാസി സമൂഹത്തെ മുറിവേൽപ്പിക്കാനുമാണ് സർക്കാർ ശ്രമിച്ചത്.
ദേവസ്വംബോർഡും സർക്കാരും നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ആചാരാനുഷ്ഠാനങ്ങൾക്കെതിരെ വെല്ലുവിളി ഉയർത്തുന്നത് തികച്ചും ബാലിശമാണ്. സർക്കാർ പിന്തുണയുണ്ടായിട്ടും വിശ്വാസികളായ യുവതികളിൽ ഒരാൾപോലും ശബരിമല ദർശനത്തിന് എത്തിയില്ല. ഭൂരിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് പുന:പരിശോധനാ വേളയിൽ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കണം.
(മുൻ ദേവസ്വം വകുപ്പ് മന്ത്രിയാണ് ലേഖകൻ)