ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമായ 'മാനാടി'ൽ നായികയായി എത്തുന്നത് റാഷി ഖന്ന. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് താരം.
കഴിഞ്ഞ വർഷം 'ഇമൈക്കാ നൊടികൾ' എന്ന നയൻതാര ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ജയം രവിക്കൊപ്പമെത്തിയ 'അടങ്കാമറു'വാണ് റാഷിയുടേതായി ഒടുവിൽ റിലീസായ ചിത്രം. വിശാൽ നായകനാകുന്ന 'അയോഗ്യ', സിദ്ധാർത്ഥിനൊപ്പമുള്ള 'സൈത്താൻ കാ ബച്ച' എന്നീ ചിത്രങ്ങളിലും റാഷിയാണ് നായിക.
ആറു മാസം മുൻപാണ് വെങ്കട് പ്രഭു - ചിമ്പു ചിത്രം മാനാട് അനൗൺസ് ചെയ്തത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് മുടങ്ങി. അതാണ് വീണ്ടും തുടങ്ങുന്നത്. വെങ്കടിന്റെ ചിത്രത്തിനായി ആയോധന കല അഭ്യസിക്കുകയാണ് ചിമ്പു. താരത്തിന്റെ പിറന്നാൾ ദിനമായ ഫെബ്രുവരി 3ന് മാനാടിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ ചിമ്പുവിന് കൈനിറയെ ചിത്രങ്ങളാണ്. സുരേഷ് കാമാച്ചിയാണ് മാനാട് നിർമ്മിയ്ക്കുന്നത്. സുന്ദർ സി ഒരുക്കുന്ന 'വന്താ രാജാവാ താൻ വരുവേൻ' എന്ന ചിത്രവും ചിമ്പുവിന്റേതായി ഒരുങ്ങുകയാണ്.