tp-senkumar

ശബരിമല: അയ്യപ്പ ധർമ്മം കാക്കാൻ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ നേതൃത്വത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ശബരിമലയിൽ പൊലീസ് കാട്ടികൂട്ടിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാനാണ് പദ്ധതി.

അവിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും നക്സൽ - മാവോ ബന്ധമുള്ളവരെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും പൊലീസ് സംരക്ഷണയിൽ മല കയറ്റിയതിനെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും കെ.പി.ശശികലയും ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനാ നേതാക്കളോട് പരുഷമായി പെരുമാറുകയും ചെയ്ത പൊലീസിന്റെ പക്ഷപാതപരമായ നടപടികളെയാണ് ചോദ്യം ചെയ്യുക. കഴിഞ്ഞ 14ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം ജില്ലാ തല യോഗം ചേർന്നതോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

മുൻ പൊലീസ് മേധാവികളായ ടി.പി.സെൻകുമാർ, ഇ.പി.ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമപോരാട്ടം. ഇതിനായി എല്ലാ ജില്ലകളിലും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് രൂപം നൽകിവരികയാണ്. സർക്കാരിന് പുറമെ ദേവസ്വം ബോർഡിലും അവിശ്വാസികളുടെ ഭരണ നേതൃത്വമാണ് ഉള്ളതെന്നുമാണ് ഇവരുടെ വിലയിരുത്തൽ. അവിശ്വാസികളെ കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങൾ ശബരിമലയെ തകർക്കാനുള്ള ലക്ഷ്യമിട്ടാണ്.

ആചാരങ്ങൾ പരിഷ്‌കരിക്കണമെന്ന് കരുതുന്നവർക്ക് പോലും വേദനയുണ്ടാക്കിയ കാര്യങ്ങളാണ് ചില ഐ.പി.എസുകാരുടെയും പൊലീസ് യൂണിയൻ നേതാക്കളുടെയും നേതൃത്വത്തിൽ ശബരിമലയിൽ നടന്നത്. ഭരിക്കുന്നവരോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള അവസരമായി ഒരു ഐ.ജി ഇതിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഇവർ വിലയിരുത്തുന്നു.