താരങ്ങൾ ആരാധകരോട് മോശമായി പെരുമാറുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാലിതാ തന്നെ ചേർത്തു നിറുത്തിയ സൂപ്പർതാരത്തെക്കുറിച്ച് ഒരു നവാഗത താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓട്ടം സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നന്ദു ആനന്ദ്, ദുൽഖർ സൽമാനെ പരിചയപ്പെട്ട അനുഭവം പങ്കു വയ്ക്കുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര ലളിതമായി പെരുമാറാൻ സാധിക്കുന്നത് എന്നാണ് നന്ദു ചോദിക്കുന്നത്.
നന്ദു ആനന്ദിന്റെ പോസ്റ്റ്: ''എന്തൊരു മനുഷ്യനാണിത്? ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ പറ്റുമോ ? വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നത്. ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക..കലൂർ സ്റ്റേഡിയത്തിൽ വച്ച് “ഓട്ടം” സിനിമയിൽ അഭിനയിച്ച ആളാണെന്ന് പറഞ്ഞ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ പരിചയപ്പെടുത്തുമ്പോൾ എഴുന്നേറ്റ് വന്നു എന്റെ കൈ പിടിച്ചതും ചേർത്ത് നിറുത്തി വിശേഷങ്ങൾ ചോദിച്ചതും ഫോട്ടോ എടുക്കാൻ സമ്മതിച്ചതും.. ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ.. ഇങ്ങനെ, ഇത്ര സ്നേഹത്തോടെ.. ആ എക്സൈറ്റ്മെന്റ് ഇപ്പോഴും മാറുന്നില്ല .. അപ്പോൾ എടുത്ത ഫോട്ടോ ആ നിമിഷം പോസ്റ്റ് ചെയ്തതാ..'' താരത്തിനൊപ്പമുള്ള ചിത്രവും നന്ദു ആനന്ദ് പങ്കുവച്ചിട്ടുണ്ട്.