amul

ആനന്ദ്: ഗുജറാത്ത്​ കോ-ഓ‌‌‌‌‌‌‌‌പ്പറേറ്റീവ്​ മിൽക്ക്​ മാർക്കറ്റിംഗ്​ ഫെഡറേഷൻ(ജി.സി.എം.എം.എഫ്) ഗൂഗിളിനെതിരെ നോട്ടീസ് നൽകി. അമുലി​​ന്റെ പേരിൽ വ്യാജ പരസ്യങ്ങൾ നൽകിയതിനാണ്​ നോട്ടീസ്​ നൽകിയിത്​. ഗൂഗിളിനു പുറമെ സ്വകാര്യ വെബ്​സൈറ്റ്​ സേവനദാതാക്കളായ ഗോ ഡാഡി.കോമിനെതിരെയും അമുൽ നോട്ടീസ്​ നൽകിയിട്ടുണ്ട്​.‌

അമുലി​​ന്റെ ഡീലർഷിപ്പ്​ വാഗ്​ദാനം ചെയ്​തുള്ള വ്യാജ പരസ്യങ്ങളാണ്​ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്​. മൂന്ന്​ മുതൽ അഞ്ച്​ ലക്ഷം രൂപയ്‌ക്ക്​ വരെ ഡീലർഷിപ്പ്​ നൽകുമെന്നായിരുന്നു പരസ്യത്തിലെ വാഗ്​ദാനം. പരസ്യങ്ങൾ ശ്രദ്ധയി​ൽപ്പെട്ടതിന്​ തുടർന്ന്​ ഉപഭോക്​താക്കൾ സമീപിച്ചതി​​ന്റെ അടിസ്ഥാനത്തിൽ ഗൂഗിളിനെതിരെ പരാതി നൽകുകയായിരുന്നുവെന്ന്​ ജി.സി.എം.എം.എഫ്​ മാനേജിംഗ്​ ഡയറക്​ടർ ആർ.എസ്​ സോദി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്​ ഗുജറാത്ത്​ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്ന്​ അമുൽ വ്യക്​തമാക്കി. ജനുവരി 10നാണ്​ ഗൂഗിളിനെതിരെ അമുൽ പരാതി നൽകിയിരിക്കുന്നത്​. പരാതി ലഭിച്ച വിവരം ഗുജറാത്ത്​ സൈബർ സെല്ലും സ്ഥിരീകരിച്ചിട്ടുണ്ട്​​.