yogi-adithyanath-amit-sha

ന്യൂഡൽഹി: അസുഖബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് പകരം പാർട്ടിയുടെ പ്രധാന പരിപാടികളുടെ ചുമതല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ജനുവരി 20നകം അമിത് ഷാ രോഗവിമുക്തനായില്ലെങ്കിൽ പശ്ചിമ ബംഗാളിൽ നടത്താനിരിക്കുന്ന പദയാത്രയുടെ നേതൃത്വം യോഗി ഏറ്റെടുക്കും. എന്നാൽ രണ്ട് ദിവസത്തിനകം അമിത് ഷായ്‌ക്ക് ആശുപത്രിയിൽ നിന്ന് മടങ്ങാനാകുമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വം നൽകുന്ന വിശദീകരണം.

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന റാലികൾ നടത്താൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. ജനുവരി 20ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മെഗാ ഷോയ്ക്ക് പിന്നാലെ അമിത് ഷായുടെ റാലി നടത്താനായിരുന്നു നീക്കം.എന്നാൽ ഇതിന് പിന്നാലെ അമിത് ഷായെ പനിയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത് ഷായ്ക്ക് എച്ച് 1 എൻ 1 പനി ബാധിച്ചതായാണ് സ്ഥിരീകരണം. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററി ലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തവേയാണ് അമിത് ഷായ്ക്ക് സുഖമില്ലാതായത്. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.

അതേസമയം, ബി.ജെ.പിക്ക് പദയാത്ര നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ പൊതുപരിപാടികൾ സംഘടിപ്പിക്കാൻ വിലക്കില്ല.